ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസ്: കോടതിയില്‍ സമര്‍പ്പിച്ചത് കള്ളസത്യവാങ്മൂലമല്ലെന്ന് അഭിഭാഷകന്‍ സൈബി ജോസ്

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ കോടതിയില്‍ സമര്‍പ്പിച്ചത് കള്ളസത്യവാങ്മൂലമല്ലെന്ന് അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ ഹൈക്കോടതിയില്‍. പീഡനക്കേസില്‍ പരാതിക്കാരിയുടെ ശബ്ദസന്ദേശമുണ്ടെന്നും ഇ-മെയില്‍ വഴി പരാതിക്കാരി ഒത്തുതീര്‍പ്പിന് തയ്യാറായെന്നും അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ വാദിച്ചു.

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ തുടര്‍നടപടിക്കുള്ള സ്റ്റേ ഹൈക്കോടതി നേരത്തെ നീക്കിയിരുന്നു. കേസിന്റെ പ്രധാനഘട്ടത്തിലാണ് സൈബി ജോസ് കോടതിയില്‍ പരാതിക്കാരി ഒത്ത്തീര്‍പ്പിന് തയ്യാറെന്ന് കാട്ടി സത്യവാങ്മൂലം നല്‍കിയത്. കേസില്‍ ഒത്തുതീര്‍പ്പിന് ഇര തയ്യാറായിട്ടുണ്ടെന്നും അത് പൂര്‍ത്തിയാകുന്നതുവരെ കേസിന്റെ നടപടിക്രമങ്ങള്‍ സ്റ്റേ ചെയ്യണമെന്നുമാണ് സൈബി ജോസ് കോടതിയെ ധരിപ്പിച്ചത്. എന്നാല്‍, ഇത് വ്യാജമാണെന്ന് അറിയിച്ച് ഇര കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഉണ്ണി മുകുന്ദനോട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

അതേസമയം, 2017ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കൊച്ചിയിലെ ഫ്‌ളാറ്റില്‍ സിനിമാ ചര്‍ച്ചയ്ക്കെത്തിയ യുവതിയെ ഉണ്ണി മുകുന്ദന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു കേസ്.