തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്റെ ചുറ്റുമതിലിനോട് ചേർന്ന് പൊലീസിന് റോന്തുചുറ്റാൻ നടപ്പാത നിർമ്മിക്കുന്നു. സെക്രട്ടറിയേറ്റ് മതിൽ ചാടുന്ന സമരക്കാരെ പിടിക്കൂടാനായാണ് നടപടി. ഡിജിപിയുടെ ശുപാർശ പ്രകാരമാണ് നടപ്പാത നിർമ്മിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നടപ്പാതയുടെ നിർമ്മാണം ആരംഭിച്ചത്.
വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്. നിർമ്മാണം പൂർത്തിയാകുന്നതോടെ സമരങ്ങൾക്കിടെ മതിലും ഗേറ്റും ചാടിക്കടക്കുന്ന പ്രതിഷേധക്കാരെ എളുപ്പത്തിൽ പിടികൂടാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആറ് ലക്ഷത്തിലധികം രൂപ ചെലവിട്ടാണ് നടപ്പാത നിർമ്മിക്കുന്നത്.
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്നവർ പലപ്പോഴും മതിൽ ചാടിക്കടക്കാൻ ശ്രമം നടത്താറുണ്ട്. എന്നാൽ ചുറ്റുമതിലിനുള്ളിൽ ചെടികളും മരങ്ങളും നിൽക്കുന്നതിനാൽ മതിൽ ചാടുന്നവരെ പിടികൂടുന്നത് പ്രയാസമാണ്. തുടർന്നാണ് നടപ്പാത നിർമ്മിക്കാൻ തീരുമാനിച്ചത്.

