കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അഞ്ച് ദിവസത്തേക്ക് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു. ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ടാണ് നടപടി. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് കോടതിയിൽ ഹാജരാക്കണമെന്നാണ് നിർദ്ദേശം. ഒരോ രണ്ട് മണിക്കൂർ ചോദ്യം ചെയ്യലിലും ശാരീരിക സ്ഥിതി കണക്കിലെടുത്ത് ഇടവേള നൽകണമെന്നും കോടതി കോടതി ഇഡി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസമാണ് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്.
മൂന്നുകോടി 38 ലക്ഷം രൂപയുടെ കോഴ ഇടപാടാണ് ലൈഫ് മിഷൻ കരാറിൽ നടന്നതെന്നാണ് എൻഫോഴ്സ്മെന്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. കരാറിന് ചുക്കാൻ പിടിച്ച എം ശിവശങ്കറിന് ഒരു കോടി രൂപയും മൊബൈൽ ഫോണും ലഭിച്ചതിന് തെളിവുണ്ടെന്നും ഇഡി അറസ്റ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കുന്നതിന് മുൻപ് തന്നെ മുൻകൂറായി കമ്മീഷൻ ഇടപാട് നടന്നുവെന്നും ഇഡി കണ്ടെത്തി.
എം ശിവശങ്കറിന് ഒരു കോടി രൂപ ലഭിച്ചത് യൂണിറ്റാക്കിന് തന്നെ കരാർ ലഭിക്കാൻ മുഖ്യമന്ത്രിയെ കൊണ്ട് സമ്മതിപ്പിച്ചതിനാണ്. മൂന്ന് മില്യൺ ദിർഹത്തിന് ആയിരുന്നു ഇടപാട് ഉറപ്പിച്ചതെന്നാണ് സ്വപ്ന സുരേഷ് നൽകിയ മൊഴി. പണം തന്റെ പേരിലുള്ള ലോക്കറിൽ സൂക്ഷിക്കാൻ നിർദ്ദേശിച്ചതും ശിവശങ്കറാണെന്നും സ്വപ്ന പറഞ്ഞിരുന്നു, കരാർ ഉറപ്പിക്കുന്നതിന് മുൻപ് എം ശിവശങ്കറും സ്വപ്ന സുരേഷും നടത്തിയ വാട്ട്സ് ആപ്പ് ചാറ്റുകൾ കോഴ ഇടപാടിനും കള്ളപ്പണക്കേസിനും തെളിവാണെന്ന് എൻഫോഴ്സ്മെന്റ് ചൂണ്ടിക്കാട്ടി.
അതേസമയം, 12 മണിക്കൂർ നേരം തന്നെ ഇഡി ചോദ്യം ചെയ്തെന്നും ഇത് ശാരീരികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നുമാണ് ശിവശങ്കർ കോടതിയെ അറിയിച്ചത്.

