ജനുവരി 29 മുതല്‍ ഫെബ്രുവരി എട്ട് വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ സ്വിസ് എയര്‍ ട്രാക്കിങ് ഇന്‍ഡക്‌സ് പുറത്തു വിട്ട ലിസ്റ്റില്‍ ലോകത്തിലെ ഏറ്റവും മോശം വായുനിലവാരം ഉള്ള നഗരങ്ങളുടെ കൂട്ടത്തില്‍ മുംബൈ രണ്ടാംസ്ഥാനത്ത്. രാജ്യാന്തരതലത്തില്‍ പാകിസ്ഥാനിലെ ലഹോറാണ് ഒന്നാംസ്ഥാനത്ത്.
വലിയ തോതില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് മഹാനഗരത്തില്‍ മലിനീകരണം രൂക്ഷമാകാന്‍ പ്രധാന കാരണം. ചൂടുകാലം തുടങ്ങിയിട്ടും രാത്രി തണുപ്പു തുടരുന്നതും വായുനിലവാരം മോശമായി തുടരാന്‍ ഒരു കാരണമാണ്. എല്ലാ മേഖലകളിലും മെട്രോ നിര്‍മാണം പുരോഗമിക്കുകയാണ്. ട്രാന്‍സ് ഹാര്‍ബ് ലിങ്ക്, തീരദേശ റോഡ് എന്നിവയുമായി ബന്ധപ്പെട്ട് തീരമേഖലകളിലും വായു മലിനീകരണമാണ്. പലയിടങ്ങളിലും മേല്‍പാലങ്ങളും റോഡ് കോണ്‍ക്രീറ്റിങ്ങുമുണ്ട്. നവിമുംബൈ വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട് മല ഇടിച്ചുനിരത്തല്‍ തുടരുന്നതിനാല്‍ മേഖലയിലൊന്നാകെ പൊടിപടലങ്ങളാണ്.
അതേസമയം, ജനുവരി 29നാണ് മോശം വായുനിലവാരത്തിന്റെ കാര്യത്തില്‍ മുംബൈ ലോകത്ത് ആദ്യപത്തിലെത്തുന്നത്. ഫെബ്രുവരി 2 നാണ് ആദ്യമായി രണ്ടാം സ്ഥാനത്ത് എത്തുന്നത്. ഇന്നലെയും മോശം ഗണത്തില്‍ വരുന്ന 200 ആണ് മുംബൈ നഗരത്തിലെ വായുനിലവാരം. സബേര്‍ബന്‍ മേഖലകളില്‍ 336 ആണ് വായുനിലവാരം. ഏറ്റവും മോശം എന്ന ഗണത്തിലാണ് ഇത് വരുന്നത്. എന്നാല്‍, നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം കൊണ്ടു വരാതെ മലിനീകരണ തോത് കുറയ്ക്കാന്‍ സാധിക്കില്ലെന്ന് നഗരവാസികള്‍ പറയുന്നു.

