വിരമിച്ച കെഎസ്ആർടിസി ജീവനക്കാർക്കുള്ള ആനുകൂല്യം; മാർച്ച് 30നുള്ളിൽ ഒരു ലക്ഷം രൂപ പെൻഷൻ ആനുകൂല്യം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: വിരമിച്ച കെഎസ്ആർടിസി ജീവനക്കാർക്കുള്ള ആനുകൂല്യം വിതരണം ചെയ്യുന്നത് സംബന്ധിച്ച നിർദേശം അംഗീകരിച്ച് ഹൈക്കോടതി. ഒരു ലക്ഷം രൂപ 45 ദിവസത്തിനുള്ളിൽ നൽകാമെന്ന നിർദേശമാണ് കോടതി അംഗീകരിച്ചത്. മാർച്ച് 30നുള്ളിൽ ഒരു ലക്ഷം രൂപ പെൻഷൻ ആനുകൂല്യം നൽകണമെന്നാണ് കോടതി വ്യക്തമാക്കിയത്.

തുടർ ആനുകൂല്യ വിതരണത്തിന് മുൻഗണന നൽകണമെന്നും കോടതി നിർദ്ദേശം നൽകി. ഈ മാസം 28ന് മുൻപ് പെൻഷൻ ആനുകൂല്യം വിതരണം ചെയ്യണമെന്ന ഉത്തരവ് പുതുക്കിയാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. മക്കളുടെ വിവാഹം, ആശുപത്രി ആവശ്യങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

മാനേജിംഗ് ഡയറക്ടർക്ക് അർഹതയുള്ളവർ കത്ത് നൽകിയാൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനം എടുക്കണം. ഏപ്രിലിൽ കോർപ്പസ് ഫണ്ട് പുനഃസ്ഥാപിക്കണം. ഇതിൽ ഫണ്ട് വന്നാൽ എത്രയും വേഗംതന്നെ ബാക്കിയുള്ളവർക്കും പണം നൽകണമെന്നും കോടതി പറഞ്ഞു. വിരമിച്ചവർക്ക് ആനുകൂല്യം നൽകാത്തത് മനുഷ്യാവകാശ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. .വിരമിച്ചവർക്കുള്ള ആനുകൂല്യ വിതരണത്തിനായി പത്ത് ശതമാനം മാറ്റിവയ്ക്കണമെന്നത് കോടതി ഉത്തരവാണ്. ഇത് ആരോട് ചോദിച്ച് നിർത്തലാക്കിയെന്ന് കോടതി ചോദിച്ചു.