തിരുവനന്തപുരം: ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ട കെ.വി തോമസിന് ഓണറേറിയം അനുവദിച്ചു കൊണ്ടുള്ള ഫയല്‍ ധനവകുപ്പ് പിടിച്ചുവച്ചതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കൂടി അഭിപ്രായം തേടിയ ശേഷം ഫയല്‍ പരിഗണിച്ചാല്‍ മതിയെന്നാണ് ധനമന്ത്രിയുടെ തീരുമാനമെന്നാണ് വിവരം. ഫെബ്രുവരി 9 ന് ലഭിച്ച ഓണറേറിയം ഫയല്‍ എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറിയുടെ പരിഗണനയിലാണ് ഇപ്പോള്‍ ഉള്ളത്.
അതേസമയം, കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹിയില്‍ നിയമിതനായ കെ.വി തോമസ് തനിക്ക് ശമ്പളം വേണ്ടെന്നും പകരം ഓണറേറിയം അനുവദിച്ചാല്‍ മതിയെന്നും കാണിച്ച് സര്‍ക്കാരിന് നേരത്തെ കത്ത് നല്‍കിയിരുന്നു. തോമസിന്റെ കത്ത് പൊതുഭരണ വകുപ്പ് തുടര്‍ നടപടിക്കായി ധനകാര്യ വകുപ്പിന് കൈമാറിയിരുന്നു. ബാലഗോപാല്‍ കേരള ബജറ്റ് അവതരിപ്പിച്ച അതേ ദിവസം ഓണറേറിയം നിശ്ചയിക്കാനുള്ള ഫയല്‍ ധനവകുപ്പില്‍ തയ്യാറായിരുന്നു.
ൃഈ മാസം നാലിന് ധനവിനിയോഗ വിഭാഗം ധനവകുപ്പ് സെക്രട്ടറി സജ്ഞയ് കൗളിന് ഫയല്‍ കൈമാറി. കൗള്‍ പരിശോധന പൂര്‍ത്തിയാക്കി ഫെബ്രുവരി ഒന്‍പതിന് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വനാഥ് സിന്‍ഹയ്ക്ക് അയച്ചു. തുടര്‍ന്നാണ് തനിക്ക് ഉടനെ ഫയല്‍ അയക്കണ്ടെന്ന മന്ത്രി ബാലഗോപാലിന്റെ നിര്‍ദ്ദേശം വന്നത്. ജനുവരി 18 ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് കെവി തോമസിനെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ തീരുമാനിക്കുന്നത്.

