ന്യൂഡല്‍ഹി: ഹിന്‍ഡന്‍ ബെര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദാനിക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജയാ താക്കൂര്‍ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി. അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയതിന് എല്‍ഐസിക്കും എസ്ബിഐക്കും എതിരെയും അന്വേഷണം നടത്തണമെന്ന് ഹര്‍ജിയിലെ ആവശ്യം.
അതേസമയം, അദാനി പോര്‍ട് ഒഴികെ മറ്റെല്ലാ കമ്പനികളുടേയും ഓഹരി മൂല്യം ഇന്ന് തുടക്കം മുതല്‍ ഇടിയുന്നതായാണ് കാണപ്പെട്ടത്. അതിനിടെ നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കുന്നതിന്റെ ഭാഗമായി കമ്പനിയുടെ സ്വതന്ത്ര ഓഡിറ്റിംഗ് നടത്താന്‍ ഒരു സ്ഥാപനത്തെ നിയോഗിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. അക്കൗണ്ടന്‍സി സ്ഥാപനമായ ഗ്രാന്‍ഡ് തോണ്‍ടണെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. കൂടുതല്‍ മൂലധന സമാഹരണത്തിനായി അബുദാബി ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്‌സ് എന്ന കമ്പനിയുമായും അദാനി ഗ്രൂപ്പ് ചര്‍ച്ച നടത്തുകയാണ്.

