തങ്ങൾക്ക് ഒളിക്കാനോ ഭയപ്പെടാനോ ഒന്നുമില്ല; കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി അമിത് ഷാ

ന്യൂഡൽഹി: കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തങ്ങൾക്ക് ഒളിക്കാനോ ഭയപ്പെടാനോ ഒന്നുമില്ലെന്നും അദാനി വിഷയത്തിൽ കോൺഗ്രസിന് വേണമെങ്കിൽ കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായി ഗൗതം അദാനിയെ കേന്ദ്രസർക്കാർ അനുകൂലിക്കുകയാണെന്ന കോൺഗ്രസിന്റെ ആരോപണങ്ങൾക്കാണ് അമിത് ഷാ മറുപടി നൽകിയത്.

മോദിക്കെതിരെ പാർലമെന്റിൽ രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും നടത്തിയ പ്രസംഗം രേഖകളിൽ നിന്ന് നീക്കിയതിനെ അമിത് ഷാ ന്യായീകരിക്കുകയും ചെയ്തു. കോൺഗ്രസ് എംപിമാരുടെ പരാമർശങ്ങൾ നീക്കം ചെയ്യുന്നത് പാർലമെന്റ് ചരിത്രത്തിലെ ആദ്യ സംഭവമല്ല. ചട്ടപ്രകാരം ചർച്ചകൾ നടക്കേണ്ട സ്ഥലമാണ് പാർലമെന്റ്. സഭ്യമായ ഭാഷയിൽ പ്രതികരിക്കണം. അവിടെ നടന്നത് എന്താണെന്ന് ജനം കണ്ടിട്ടുണ്ടെന്ന് അമിത് ഷാ വിശദമാക്കി.

സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളതായതിനാൽ അദാനി വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ല. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപം തെറ്റാണ്. ത്രിപുരയിൽ ബിജെപി മികച്ച വിജയം നേടുമെന്നാണ് റോഡ് ഷോയിലെ പ്രതികരണം വ്യക്തമാക്കുന്നത്. 2024ലെ തിരഞ്ഞെടുപ്പിൽ മത്സരമില്ലെന്നും ജനം ഒന്നടങ്കം മോദിക്ക് പിന്നിൽ അണിനിരക്കാൻ തീരുമാനിച്ച് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.