കൊളംബോ: എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന വാദം തള്ളി ശ്രീലങ്കൻ സൈന്യം. പ്രഭാകരൻ ജീവിച്ചിരിക്കുന്നു എന്നതിന് തെളിവൊന്നും ഇല്ലെന്ന് ശ്രീലങ്കൻ സൈനിക വക്താവ് ബ്രിഗേഡിയർ രവി ഹെരാത് വ്യക്തമാക്കി. വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന് തമിഴ് നാഷണലിസ്റ്റ് മൂവ്മെന്റ് നേതാവ് പി.നെടുമാരൻ അവകാശവാദം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീലങ്കൻ സൈന്യത്തിന്റെ പ്രതികരണം.
ഡിഎൻഎ സർട്ടിഫിക്കറ്റുകൾ അടക്കം പ്രഭാകരൻ മരിച്ചുവെന്നതിന് എല്ലാ രേഖകളും ശ്രീലങ്കയുടെ പക്കലുണ്ട്. ഞങ്ങളുടെ രേഖകൾ പ്രകാരം അത്തരമൊരാൾ ജീവിച്ചിരിക്കുന്നതിന് യാതൊരു തെളിവും ഇല്ലെന്നും ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിച്ച രാഷ്ട്രീയ നേതാവിനോട് തന്നെ ഇതിന്റെ അടിസ്ഥാനം എന്തെന്ന് നിങ്ങൾക്ക് ചോദിക്കേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു. ശ്രീലങ്കൻ സൈന്യം 2009 ൽ തന്നെ പ്രഭാകരനെ വധിച്ചിരുന്നു. 2009 ന്റെ അവസാനത്തോടെ, ഡിഎൻഎ തെളിവുകൾ അടക്കം ശേഖരിച്ച് പ്രഭാകരൻ തന്നെയാണ് മരിച്ചതെന്ന് ഉറപ്പുവരുത്തുകയും ചെയ്തുവെന്നും ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പോർട്ടുകൾ പഠിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു വിഷയത്തിൽ ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രിയുടെ പ്രതികരണം.
വേലുപ്പിള്ള പ്രഭാകരൻ ജീവനോടെയുണ്ടെന്ന പി നെടുമാരന്റെ അവകാശവാദത്തെ പരിഹസിച്ച് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ എസ്. അഴഗിരിയും രംഗത്തെത്തിയിരുന്നു. വേലുപ്പിള്ള പ്രഭാകരൻ എവിടെയാണുള്ളതെന്ന് നെടുമാരൻ വെളിപ്പെടുത്തിയാൽ അദ്ദേഹത്തെ പോയി കാണുമെന്ന് അഴഗിരി പറഞ്ഞു. താൻ വളരെ സന്തോഷവാനാണ്. നെടുമാരൻ തനിക്ക് പ്രഭാകരനെ കാണിച്ചുതരികയാണെങ്കിൽ താൻ പോയി കാണും. അതിലൊരു പ്രശ്നവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

