ആജീവനാന്ത കാലം ആരും മുഖ്യമന്ത്രിയായി ഇരിക്കില്ല; പിണറായി വിജയന് മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പുമായി പ്രതിപക്ഷ നോവ് വി ഡി സതീശൻ. ആജീവനാന്ത കാലം ആരും മുഖ്യമന്ത്രിയായി ഇരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ സൂക്ഷിച്ച് വേണം പൊലീസ് പെരുമാറാനെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി എന്തിനാണ് ഭയക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ഇവിടെ കോൺഗ്രസും യുഡിഎഫും കാണും. ഏകാധിപതികൾ എന്നും ഭീരുക്കൾ ആയിരുന്നു. ഇവിടെ നടക്കുന്നതും അതാണ്. ഭയം മാറ്റാൻ യുഡിഎഫ് പ്രവർത്തകർക്ക് നേരെ കുതിര കയറരുത്. അശാസ്ത്രീയ നികുതി നിർദേശങ്ങൾക്ക് എതിരായ പ്രതിഷേധം ജനങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സാമൂഹിക ആഘാതം മനസ്സിലാക്കാതെയാണ് നികുതി പരിഷ്‌കാരങ്ങൾ മുഴുവൻ നടപ്പാക്കിയത്. ജനങ്ങളെ സഹായിക്കേണ്ട സർക്കാർ അധികമായി ചുമത്തുന്നത് 4000 കോടിയുടെ നികുതിയാണ്. ഒരുകൈ കൊണ്ട് പെൻഷനും കിറ്റും കൊടുക്കുന്നു, മറു കൈ കൊണ്ട് പോക്കറ്റ് അടിക്കുന്നു. ഇതാണ് സംസ്ഥാനത്ത് നടക്കുന്നത്. നാല് ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന്റെ കടം. ഇത് തുറന്നു പറയുന്ന തന്നെ ദുഷ്ട ശക്തി എന്ന് വിശേഷിപ്പിക്കുന്നു. ഏറ്റവും കൂടുതൽ കടബാധ്യത ഉള്ള ഒന്നാമത്തെ സംസ്ഥാനം ആയി കേരളം മാറി. സാക്ഷരത പ്രേരകിന്റെ ആത്മഹത്യക്ക് കാരണം കടക്കെണിയാണെന്നും ഇല്ലെങ്കിൽ എന്തുകൊണ്ട് ശമ്പളം കൊടുക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.

സംസ്ഥാനത്തെ നികുതി ഘടന പൊളിച്ച് എഴുതണം. സംസ്ഥാനത്ത് സർക്കാർ നടത്തുന്ന ധൂർത്തിന് ഒരു കുറവും ഇല്ല. ഇതിന്റെ പാപഭാരം സാധാരണക്കാരൻ ചുമക്കുന്ന സ്ഥിതിയാണ്. മുഖ്യമന്ത്രിക്ക് ആളെ കാണുന്നത് പേടി. കരുതൽ തടങ്കലാണ് ഇപ്പോൾ. പണ്ട് കറുപ്പ് നിറത്തോടാണ് പേടി. ഇപ്പോൾ വെള്ള കാണുന്നതാണ് ഭയം. മുഖ്യമന്ത്രി വരുന്നുണ്ടെങ്കിൽ ആരും പുറത്ത് ഇറങ്ങി നടക്കരുത് എന്ന അവസ്ഥയാണ്. ഒരു കാരണവും ഇല്ലാതെ ആയിരക്കണക്കിന് പേരെ കേസുകളിൽ പെടുത്തുന്നു. മുൻപ് ഒരു സർക്കാരിന്റെ കാലത്തും ഇല്ലാത്ത നടപടിയാണിത്. കേരളം കടത്തിന്റെ നിലയില്ലാ കയത്തിലാണ്. വെറുതെ ആളുകളെ മുഖ്യമന്ത്രി കബളിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.