ശബരിമല ഭണ്ഡാരത്തിൽ കൂട്ടിയിട്ടിരുന്ന നാണയങ്ങൾ എണ്ണിത്തീർത്തു; ആകെയുണ്ടായിരുന്നത് 10 കോടിയുടെ നാണയങ്ങൾ

പത്തനംതിട്ട: ശബരിമല ഭണ്ഡാരത്തിൽ കൂട്ടിയിട്ടിരുന്ന നാണയങ്ങൾ എണ്ണിത്തീർത്തു. ദിവസങ്ങൾ നീണ്ട കഠിനപ്രയത്‌നത്തിനൊടുവിലാണ് തുക എണ്ണിത്തീർത്തത്. 10 കോടിയുടെ നാണയങ്ങളാണ് ഭണ്ഡാരത്തിൽ ഉണ്ടായിരുന്നത്. മകര വിളക്ക് കഴിഞ്ഞ് ഒരു മാസത്തോട് അടുക്കുമ്പോഴാണ് നാണയങ്ങൾ എണ്ണിതീർക്കാൻ കഴിഞ്ഞത്.

360 കോടി രൂപയാണ് ഇത്തവണ ശബരിമലയിൽ നിന്നും ലഭിച്ച വരുമാനം. രണ്ട് ഘട്ടമായാണ് നാണയങ്ങൾ എണ്ണിതീർത്തത്. മകരവിളക്കു കഴിഞ്ഞു നട അടച്ച ശേഷം 25 വരെ നാണയങ്ങൾ എണ്ണിയ ആദ്യ ഘട്ടത്തിൽ 5.71 കോടി രൂപയും ഈ മാസം 5 മുതൽ വെള്ളിയാഴ്ച വരെ എണ്ണിയ രണ്ടാം 4.29 കോടി രൂപയും ലഭിച്ചു. 1220 ജീവനക്കാരാണ് നാണയങ്ങൾ എണ്ണിയത്. ശ്രീകോവിലിനുമുന്നിലെ കാണിക്കയിൽ നിന്ന് കൺവെയർ ബെൽറ്റിലൂടെ വരുന്ന പണവും ശബരീപീഠം മുതൽ വിവിധ ഭാഗങ്ങളിലായുള്ള 145 വഞ്ചികളിലെയും മഹാകാണിക്കയിലെയും പണവുമാണ് ഭണ്ഡാരത്തിലെത്തുന്നത്. സീസണിന് മുന്നേയുള്ള മാസപൂജകൾ മുതലുള്ള നാണയങ്ങളാണിത്.

ദേവസ്വം ബോർഡിന്റെ ഫിനാൻസ് ഓഫീസർ ബി എസ് ശ്രീകുമാർ, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ആർ എസ് ഉണ്ണിക്കൃഷ്ണൻ എന്നിവർ സ്പെഷ്യൽ ഓഫീസറായി 11 അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർമാരുടെ നേതൃത്വത്തിലാണ് കാണിക്ക എണ്ണിയിരുന്നത്.