കൽപറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എതിരെ ചോദ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ വിദേശയാത്രയിൽ എങ്ങനെയാണ് അദാനി പങ്കെടുത്തതെന്ന് അദ്ദേഹം ചോദിച്ചു. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ആദ്യമായി കേരള സന്ദർശനത്തിനെത്തിയപ്പോൾ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർലമെന്റിൽ അദാനി – മോദി ബന്ധത്തെക്കുറിച്ച് പറഞ്ഞതെല്ലാം സത്യമാണെന്നും ആരേയും തേജോവധം ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് തെളിവ് നൽകിയിട്ടുണ്ട്. എന്നാൽ, മറുപടി പറയുന്നതിന് പകരം തന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് ചെയ്തത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അദാനി വാങ്ങിക്കുന്നത് എങ്ങനെയാണെന്നും രാഹുൽ ചോദിക്കുന്നു.
എന്തുകൊണ്ട് തന്റെ പേര് രാഹുൽ നെഹ്‌റു എന്നായില്ല, പകരം രാഹുൽ ഗാന്ധി എന്നായി എന്ന പരാമർശമാണ് അദാനിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. എന്നാൽ ഇന്ത്യയിൽ അച്ഛന്റെ കുടുംബപ്പേരാണ് സാധാരണയായി ഉപയോഗിക്കാറുള്ളത് എന്ന കാര്യം മോദിക്ക് അറിയാത്ത കാര്യമല്ലെന്ന് രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

