തിരുവനന്തപുരം: പി കെ ശശിക്കെതിരെ പാർട്ടി അന്വേഷണം നടത്തുമെന്ന വാർത്തകളിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പാർട്ടി ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയിൽ കെടിഡിസി ചെയർമാൻ പി കെ ശശിക്കെതിരെ പാർട്ടിയിൽ ഒരു അന്വേഷണവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലാ കമ്മറ്റി ഇക്കാര്യം പരിശോധിച്ച് തീരുമാനം എടുത്തതാണെന്നും പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു.
മാധ്യമസൃഷ്ടി മാത്രമാണ് വിവാദം. എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെയും അന്വേഷണം നടത്തില്ല. കോൺഗ്രസ് എന്തൊക്കെ പ്രതിഷേധങ്ങൾ നടത്തിയാലും മുഖ്യമന്ത്രിക്ക് ഒന്നും സംഭവിക്കില്ല. എത്രയോ കോൺഗ്രസ് പ്രതിഷേധങ്ങൾ ചലനമില്ലാതെ കടന്നു പോയിട്ടുണ്ടെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിന്ന് സ്വാധീനം ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് പി കെ ശശിയ്ക്ക് എതിരെ ആദ്യം ഉയർന്ന ആരോപണം. 5 കോടി 49 ലക്ഷം രൂപയാണ് വിവിധ സഹകരണ ബാങ്കുകളിൽ നിന്ന് ഓഹരിയായി സമാഹരിച്ചത്. പാർട്ടി അറിയാതെയായിരുന്ന ധനസമാഹരണം. പിന്നീടും ഇദ്ദേഹത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചു. മണ്ണാർക്കാട് വിദ്യാഭ്യാസ സഹകരണ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്സൽ കോളേജിനു വേണ്ടി ധനസമാഹരണവും ദുർവിനിയോഗവും നടത്തിയെന്ന ആരോപണവും പി കെ ശശിക്കെതിരെയുണ്ട്.

