മുംബൈ: സ്വവർഗാനുരാഗത്തെ കുറിച്ച് നിർണായക പരാമർശവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. സ്വവർഗാനുരാഗം കുറ്റകൃത്യമായി കാണുന്നത് അനീതിയാണന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര നിയമ യൂണിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം. 2018ൽ ഡി വൈ ചന്ദ്രചൂഡ് തന്നെ വിധി പ്രഖ്യാപിച്ച നവതേജ് സിങ് ജോഹർ കേസിലെ സംഭവങ്ങളോട് ചേർത്തായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കാലത്തിന് അനുയോജ്യമല്ലാത്ത നിയമമാണ് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 377-ാം വകുപ്പ്. ഭരണഘടന ഉറപ്പ് നൽകുന്ന സ്വകാര്യതയ്ക്കും വ്യക്തി സ്വാതന്ത്ര്യത്തിനുമെതിരാണിത്. നിർഭാഗ്യവശാൽ നിയമത്തിന് ഒരു വൈമുഖ്യ സ്വഭാവം ഉണ്ട്. അത് നിയമപാലകരിലും ന്യായാധിപന്മാരിലും കാണരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണഘടനയുടെ മൂല്യം സംരക്ഷിക്കേണ്ട തലത്തിലേക്ക് വരുമ്പോൾ വിവേചനാധികാരം ഉപയോഗിക്കണം. അത്തരത്തിൽ സമൂഹം നീതിക്കുവേണ്ടിയുള്ള നമ്മുടെ കൂട്ടായ അന്വേഷണത്തിന്റെ നട്ടെല്ലായി മാറും. സമൂഹ മാദ്ധ്യമത്തിന്റെ വരവോടെ മനുഷ്യർ കൂടുതൽ ഒറ്റപ്പെടുകയും തങ്ങളിലേക്ക് തന്നെ ചുരുങ്ങുകയും ചെയ്തുവെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

