തിരുവനന്തപുരം: ജുഡീഷ്യൽ അന്വേഷണ കമ്മീഷനും നിയമോപദേശങ്ങൾക്കുമായി പിണറായി സർക്കാർ ചെലവാക്കിയത് കോടികൾ. ആറു കോടി രൂപയാണ് ഇതുവരെ നിയമിച്ച ഏഴ് ജൂഡീഷ്യൽ കമ്മീഷനുകൾക്കായുള്ള ചെലവ്. ഒന്നരക്കോടി രൂപയാണ് നാലുവർഷം നിയമോപദേശങ്ങൾക്കായി മുടക്കിയത്. സിഐജി റിപ്പോർട്ടിലെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഏഴ് ജൂഡീഷ്യൽ അന്വേഷണ കമ്മീഷനുകളെയാണ് 2016 ജൂൺ മുതൽ ഇതുവരെ നിയോഗിച്ചത്. 6,01,11,166 രൂപയാണ് ഏഴ് കമ്മീഷനുകൾക്ക് ഇതുവരെയുള്ള ചെലവ്. ജസ്റ്റിസ് പിഎ മുഹമ്മദ് കമ്മീഷനാണ് ഏറ്റവും അധികം പണം ചെലവായത്. 2,77,44814 കോടി രൂപയാണ് കമ്മീഷന് വേണ്ടി ചെലവഴിച്ചത്. ഹൈക്കോടതിയിൽ അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലെ സംഘർഷവും പിന്നാലെയുണ്ടായ പൊലീസ് നടപടിയുമായിരുന്നു ജസ്റ്റിസ് മുഹമ്മദ് കമ്മീഷൻ അന്വേഷിച്ചത്.
എന്നാൽ, സർക്കാർ നിയമിച്ച ഏഴ് കമ്മീഷനുകളിൽ രണ്ട് കമ്മീഷനുകൾ ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല. ലോക്‌നാഥ് ബെഹ്‌റ പൊലീസ് മേധാവിയായിരുന്ന കാലത്ത് പോലീസിൽ ചട്ടങ്ങൾ ലംഘിച്ചുള്ള ഇടപാടുകൾ സിഎജി കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസ് വകുപ്പിലെ പർച്ചേസുകൾക്കും കരാറുകൾക്കും മാനദണ്ഡങ്ങൾ ഉണ്ടാക്കാൻ സിഎൻ രാമചന്ദ്രൻനായരുടെ നേതൃത്വത്തിൽ സർക്കാർ മൂന്നംഗ കമ്മീഷൻ രൂപീകരിച്ചു. 12,36,074 രൂപ കമ്മീഷനായി ചെലവിട്ടെങ്കിലും ഇതുവരെ റിപ്പോർട്ട് നൽകാൻ കഴിഞ്ഞിട്ടില്ല. സ്വർണ്ണക്കടത്ത് വിവാദത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണം നടത്താൻ നിയോഗിച്ച ജസ്റ്റിസ് വി കെ മോഹനൻ കമ്മീഷനും ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.

