കോപ്പിയടി വിവാദം; ഋഷഭ് ഷെട്ടിയെ പോലീസ് ഇന്നും ചോദ്യം ചെയ്യും

കോഴിക്കോട്: കാന്താര സിനിമയിലെ വരാഹരൂപം എന്ന ഗാനത്തിന്റെ പകര്‍പ്പാവകാശ കേസില്‍ എതിര്‍കക്ഷികളായ സംവിധായന്‍ ഋഷഭ് ഷെട്ടി, നിര്‍മ്മാതാവ് വിജയ് കിരഗന്ദൂര്‍ എന്നിവരെ കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഇന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യും. രാവിലെ സ്റ്റേഷനില്‍ ഹാജരാകാന്‍ ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ ഉപാധികളോടെ ഋഷഭ് ഷെട്ടിക്കും വിജയ് കിരഗന്ദൂരിനും ഹൈക്കോടതി നേരത്തേ ജാമ്യം നല്‍കിയിരുന്നു.

സിനിമയിലെ ‘വരാഹരൂപം’ എന്ന ഗാനത്തിന്റെ സംഗീതം തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാന്റ് ചിട്ടപ്പെടുത്തിയ ‘നവരസം’ എന്ന ഗാനത്തിന്റെ പകര്‍പ്പവകാശം ലംഘിച്ചുവെന്നായിരുന്നു ആരോപണം. വിവാദമായതിന് പിന്നാലെ തൈക്കുടം ബ്രിഡ്ജും ‘നവരസം’ ഗാനത്തിന്റെ ഉടമസ്ഥാവകാശം ഉള്ള മാതൃഭൂമിയും കോഴിക്കോട് ടൗണ്‍ പൊലീസില്‍ കാന്താര സിനിമയുടെ നിര്‍മ്മാതാവിനും സംവിധായകനുമെതിരെ പരാതി നല്‍കുകയായിരുന്നു. ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരായ പൃഥ്വിരാജ് ഉള്‍പ്പെടെ ഒമ്പത് എതിര്‍ കക്ഷികളാണ് കേസിലുള്ളത്.

അതേസമയം, ‘വരാഹരൂപം’ ഉള്‍പ്പെട്ട ‘കാന്താര’ സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധി സുപ്രിംകോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. പകര്‍പ്പവകാശ ലംഘന കേസില്‍ ജാമ്യം അനുവദിക്കുമ്പോള്‍ ഇത്തരം നിര്‍ദേശങ്ങള്‍ ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു സുപ്രിംകോടതിയുടെ നടപടി.