മതനിരപേക്ഷ ചിന്തയോടെ ജനങ്ങൾ താമസിക്കുന്ന നാടാണ് കേരളം; അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

കോട്ടയം: കേരളത്തിനെതിരെ നടത്തിയ പരാമർശത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷ ചിന്തയോടെ ജനങ്ങൾ താമസിക്കുന്ന നാടാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. എന്താണ് കേരളത്തെ കുറിച്ച് അമിത് ഷാ അർധോക്തിയിൽ പറഞ്ഞ് നിർത്തിയതെന്ന് അദ്ദേഹം ചോദിച്ചു.

ഭരണം അതിസമ്പന്നർക്ക് വേണ്ടിയാവരുത്. നാട്ടിലെ പാവപ്പെട്ടവന് വേണ്ടിയാവണം ഭരണം. പട്ടിണിയും ദാരിദ്ര്യവും കൊടികുത്തി വാഴുകയാണ്. ഇതിനെതിരെ ജനങ്ങൾ പ്രതിഷേധിക്കാനിറങ്ങും. ആ കാര്യങ്ങൾ ജനങ്ങൾ ചിന്തിക്കാതിരിക്കാൻ വർഗീയ സംഘർഷമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിന് വേണ്ടിയാണ് ബിജെപി ഭരണം ഉള്ളിടത്തും ഇല്ലാത്തിടത്തും സംഘപരിവാർ വർഗീയ കലാപങ്ങൾക്കും വർഗീയ ചേരിതിരിവിനും ശ്രമിക്കുന്നത്. ബിജെപിയുടെ അത്തരം നീക്കങ്ങൾ നടക്കാത്ത ഒരിടം കേരളമാണ്. മറ്റ് പ്രദേശങ്ങളെ പോലെ ഈ പ്രദേശത്തെ മാറ്റാൻ ഈ നാടും ജനങ്ങളും സമ്മതിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഈ മണ്ണിലുളളത് വർഗീയതക്കെതിരെ ജീവൻ കൊടുത്തു പോരാടിയവരാണെന്ന് മനസിലാക്കണം. ഇനിയും ഒരവസരം ബിജെപിക്ക് ലഭിച്ചാൽ രാജ്യത്തിന് സർവനാശമുണ്ടാകം. യുഡിഎഫ് എംപിമാരുടെ ശ്രമം സ്വന്തം നാടിനെ ഇകഴ്ത്താനാണ്. നാടിന് അഭിവൃദ്ധിയുണ്ടാക്കുന്ന എല്ലാ പദ്ധതിയെയും എംപിമാർ എതിർക്കുന്നു. ബിജെപിയും ഇതേ നിലപാട് സ്വീകരിക്കുകയാണ്. കോൺഗ്രസ് ബിജെപിയുടെ റിക്രൂട്ടിങ് കേന്ദ്രമാണ്. എഐസിസിയുടെ പ്രധാനികളും കേന്ദ്രമന്ത്രിമാരായിരുന്നവരും വരെ ബിജെപിയിലെത്തി. ബിജെപിയുടെ മോഹിപ്പിക്കുന്ന കാര്യങ്ങൾ വരുമ്പോൾ അതിന് പിന്നാലെ നാക്കും നീട്ടി നിൽക്കുന്നവരായി കോൺഗ്രസ് മാറിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാന അടിസ്ഥാനത്തിൽ ബിജെപിക്ക് എതിരായ കൂട്ടുകെട്ട് ഉണ്ടാവുക, തിരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യത്തിന് അനുസരിച്ച് ഉചിതമായ തീരുമാനം എടുക്കുക ഇതാണ് സിപിഎം പദ്ധതി. ഇതാണ് പ്രായോഗികമായ രീതി. പ്രാദേശിക കക്ഷികളെ ഏകോപിപ്പിക്കുന്ന എന്നതാണ് പ്രധാനം. സംസ്ഥാന അടിസ്ഥാനത്തിലാണ് ആ ഏകോപനം ഉണ്ടാകേണ്ടതെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.