ന്യൂഡല്‍ഹി: ഡല്‍ഹി-മുംബൈ അതിവേഗപാതയുടെ ആദ്യം ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച രാജ്യത്തിന് സമര്‍പ്പിച്ചു. ഡല്‍ഹി-ദൗസ-ലാല്‍സോട്ട് ഭാഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെ ചെയ്തതോടെ ഡല്‍ഹിയില്‍ നിന്ന് ജയ്പുരിലേക്ക് ഇനി മൂന്നരമണിക്കൂര്‍കൊണ്ട് റോഡുമാര്‍ഗം എത്താം. 12,150 കോടി ചെലവിലാണ് ഇത് നിര്‍മ്മിച്ചത്. 1386 കിലോമീറ്റര്‍ നീളത്തില്‍ രാജ്യത്തെ ഏറ്റവും വലിയ അതിവേഗപാതയാണ് ഡല്‍ഹി-മുംബൈ അതിവേഗപാത.
ഡല്‍ഹി, ഹരിയാണ, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ ആറ് സംസ്ഥാനങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. പ്രധാന നഗരങ്ങളായ കോട്ട, ഇന്ദോര്‍, ജയ്പുര്‍, ഭോപാല്‍, വഡോദര, സൂറത്ത് തുടങ്ങിയ നഗരങ്ങളെ പാത ബന്ധിപ്പിക്കും. പദ്ധതി പൂര്‍ണമാകുന്നതോടെ ഡല്‍ഹിക്കും മുംബൈക്കുമിടയിലെ ആകെ ദൂരം 1424 കിലോമീറ്ററില്‍നിന്ന് 1242 കിലോമീറ്ററായി കുറയും. 13 തുറമുഖങ്ങള്‍, എട്ടു പ്രധാന വിമാനത്താവളങ്ങള്‍, എട്ടു മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍ എന്നിവയ്‌ക്കൊപ്പം വരാനിരിക്കുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങളായ ജെവാര്‍, നവിമുംബൈ, ജെ.എന്‍.പി.ടി. പോര്‍ട്ട് എന്നിവയ്ക്കും എക്‌സ്പ്രസ് വേ ഉപകാരപ്പെടും. 15,000 ഹെക്ടര്‍ഭൂമിയാണ് റോഡിനായി ഏറ്റെടുത്തത്. പാതയിലെ യാത്രാനുഭവം മെച്ചപ്പെടുത്താന്‍ 94 വഴിയോരകേന്ദ്രങ്ങളുമുണ്ടാകും.അനിമല്‍ ഓവര്‍പാസുകളും അണ്ടര്‍പാസുകളും ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ അതിവേഗപാതയാണിത്. രണ്‍തംഭോര്‍ വന്യജീവിസങ്കേതത്തിലൂടെയും പാതിയിലൂടെ കടന്നുപോകുന്നുണ്ട്. 10 കോടി തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുന്നതാണ് പദ്ധതി. നാല്പതിലധികം പ്രധാന ഇന്റര്‍ചേഞ്ചുകളും ഒപ്റ്റിക്കല്‍ ഫൈബര്‍കേബിളുകള്‍, പൈപ്പ് ലൈനുകള്‍, സോളാര്‍വൈദ്യുതി ഉത്പാദനം എന്നിവയുള്‍പ്പെടെ യൂട്ടിലിറ്റി ലൈനുകള്‍ സ്ഥാപിക്കുന്നതിന് മൂന്നുമീറ്റര്‍ വീതിയുള്ള ഇടനാഴിയും പാതയിലുണ്ടാകും. രണ്ടായിരത്തിലധികം വാട്ടര്‍റീച്ചാര്‍ജ് പോയന്റുകളില്‍ 500 മീറ്റര്‍ ഇടവേളയില്‍ മഴവെള്ളസംഭരണം കൂടാതെഓട്ടോമേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സംവിധാനവും ഇതിനുണ്ട്.
അതേസമയം, ഡല്‍ഹി-മുംബൈ അതിവേഗപാത നിര്‍മ്മാണത്തിന് 25,000 ലക്ഷം ടണ്‍ ബിറ്റുമിന്‍ ഉപയോഗിച്ചെന്നും നാലായിരത്തിലധികം പരിശീലനം സിദ്ധിച്ച സിവില്‍ എന്‍ജിനീയര്‍മാര്‍ക്ക് ഒരേസമയം ജോലി ലഭിച്ചെന്നും കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു.

