പാർട്ടി ഫണ്ട് തിരിമറി; പി കെ ശശിക്കെതിരെ വീണ്ടും അന്വേഷണം

തിരുവനന്തപുരം: പി കെ ശശിക്കെതിരെ വീണ്ടും അന്വേഷണം നടത്തും. പാർട്ടി ഫണ്ട് തിരിമറി സംബന്ധിച്ച പരാതിയാണ് അന്വേഷണം നടത്തുക. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശനെയാണ് ഇതിനായി ചുമത്തിയിട്ടുള്ളത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിന്ന് സ്വാധീനം ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് പി കെ ശശിയ്ക്ക് എതിരെ ആദ്യം ലഭിച്ച പരാതി. 5 കോടി 49 ലക്ഷം രൂപയാണ് വിവിധ സഹകരണ ബാങ്കുകളിൽ നിന്ന് ഓഹരിയായി സമാഹരിച്ചത്. പാർട്ടി അറിയാതെയായിരുന്ന ധനസമാഹരണം. പിന്നീടും ഇദ്ദേഹത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചു. മണ്ണാർക്കാട് വിദ്യാഭ്യാസ സഹകരണ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്‌സൽ കോളേജിനു വേണ്ടി ധനസമാഹരണവും ദുർവിനിയോഗവും നടത്തിയെന്ന ആരോപണവും പി കെ ശശിക്കെതിരെയുണ്ട്.

മണ്ണാർക്കാട് ലോക്കൽ കമ്മിറ്റി അംഗവും നഗരസഭ കൗൺസിലറുമായ കെ. മൻസൂർ ആണ് സംസ്ഥാന-ജില്ല നേതൃത്വങ്ങൾക്ക് രേഖാമൂലം ശശിക്കെതിരെ പരാതി നൽകിയത്.