തനിക്കെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ല; വിവാദമുണ്ടാക്കുന്നത് മാധ്യമങ്ങളെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: റിസോർട്ട് വിവാദവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾക്കെതിരെ വിമർശനവുമായി ഇ പി ജയരാജൻ. തനിക്കെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്നും വിവാദമുണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങൾക്ക് പിന്നിൽ ആരാണെന്ന് മാദ്ധ്യമങ്ങൾ തന്നെ കണ്ടെത്തണം. താൻ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

മടിയിൽ കനമുള്ളവനേ വഴിയിൽ പേടിയുള്ളൂ. വിവാദങ്ങൾക്ക് പിന്നിലാരാണെന്ന് മാധ്യമങ്ങൾ അന്വേഷിക്കണം. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല തനിക്കെതിരെയുള്ള ആരോപണം. ബോംബേറ് വരെ ഉണ്ടായിട്ടില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. വ്യക്തിഹത്യയ്ക്കായി വാർത്തകൾ സൃഷ്ടിക്കരുത്. എല്ലാ കാര്യങ്ങളും പരിശോധിക്കാനുള്ള ശേഷി സിപിഎമ്മുണ്ടെന്നും പാർട്ടിയിലും പ്രവർത്തകരിലുമാണ് ഏറ്റവും വിശ്വാസമുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, കണ്ണൂരിലെ ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ട വിവാദത്തിലെ അന്വേഷണ വാർത്ത നിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. വിവാദം മാധ്യമ സൃഷ്ടിയാണെന്നും അതിന് പിന്നാലെ പോകേണ്ട കാര്യം പാർട്ടിക്കില്ലെന്നുമായിരുന്നു എം വി ഗോവിന്ദൻ വ്യക്തമാക്കിയത്.