ഇ പി ജയരാജനും പി ജയരാജനുമെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്താൻ സിപിഎം സമിതി; തീരുമാനം സംസ്ഥാന സമിതി യോഗത്തിൽ

തിരുവനന്തപുരം: മുതിർന്ന നേതാക്കളായ ഇ പി ജയരാജനും പി ജയരാജനുമെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്തും. സിപിഎം സമിതിയാണ് അന്വേഷണം നടത്തുക. കേരളത്തിൽ നിന്നുള്ള പിബി അംഗങ്ങളായിരിക്കും സമിതിയിൽ ഉൾപ്പെടുക. സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. തനിക്കെതിരെ ഗൂഢാലോചന നടന്നതായും വ്യക്തിഹത്യക്ക് ശ്രമം നടന്നതായുമാണ് ഇ പി ജയരാജന്റെ ആരോപണം.

എന്നാൽ, ഇ പിക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചില്ലെന്നാണ് പി ജയരാജൻ പറയുന്നത്. മറ്റൊരാൾ എഴുതിത്തന്നത് പാർട്ടിയെ അറിയിക്കുകയാണ് ചെയ്തതെന്നും വിവാദം അനാവശ്യമായി വഷളാക്കിയെന്നും പി ജയരാജൻ വ്യക്തമാക്കി.

കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ മറവിൽ ഇ പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു സിപിഎം മുൻ കണ്ണൂർ ജില്ലാസെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി ജയരാജൻ ആരോപിച്ചത്.. സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്ത തെറ്റുതിരുത്തൽ രേഖയുടെ ചർച്ചയിലാണ് അദ്ദേഹം ഇതുസംബന്ധിച്ച ആരോപണം ഉയർത്തിയത്. എന്നാൽ, പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഈ ആരോപണങ്ങൾ ഇ പി ജയരാജൻ നിഷേധിച്ചിരുന്നു. കണ്ണൂരിലെ ആയുർവേദ റിസോർട്ടുമായി തനിക്ക് ബന്ധമില്ലെന്നും മകനും ഭാര്യക്കുമാണ് ബന്ധമെന്നും എല്ലാ കാര്യങ്ങളും പാർട്ടിയെ അറിയിച്ചാണ് ചെയ്തിരുന്നതെന്നുമാണ് ഇ പി ജയരാജൻ പറഞ്ഞത്.