റിസോര്‍ട്ട് വിവാദം: അന്വേഷണമില്ല; എല്ലാം മാധ്യമസൃഷ്ടി മാത്രമെന്നും എം.വി ഗോവിന്ദന്‍

പാലക്കാട്: സിപിഎമ്മിലെ റിസോര്‍ട്ട് വിവാദത്തില്‍ അന്വേഷണത്തിന് തീരുമാനമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചു. ‘കണ്ണൂര്‍ ജില്ലാ കമ്മറ്റി ഇക്കാര്യം പരിശോധിച്ച് തീരുമാനം എടുത്തതാണ്. പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ല. വിവാദം മാധ്യമസൃഷ്ടി മാത്രമാണ്. വിവാദത്തില്‍ മാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കാനാണ് സിപിഎം തീരുമാനം’- അദ്ദേഹം വ്യക്തമാക്കി

‘റിസോര്‍ട്ട് വിവാദവും വിശദീകരണവും ദേശീയ നേതൃത്വത്തെ അറിയിക്കും. വിവാദത്തില്‍ തുടര്‍ തീരുമാനങ്ങള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടാകും. ഇന്ധന സെസ് ഏര്‍പ്പെടുത്തിയ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ തിരുത്തേണ്ട സാഹചര്യമില്ല. 3.9 ശതമാനമെന്ന അര്‍ഹമായ പദ്ധതി വിഹിതം കേന്ദ്രം 1.9 ആക്കി കുറച്ചു. കേരളത്തെ ഒരിഞ്ചു മുന്നോട്ടു പോകാന്‍ അനുവദിക്കില്ലെന്ന നിലപാടാണ്. ഇന്ധന സെസ് പിന്‍വലിയ്ക്കണമെന്നത് രാഷ്ട്രീയ താല്‍പ്പര്യം മാത്രമാണ്. ഡഉഎ ന്റെയും ബി ജെ പിയുടെയും സമരം കണക്കിലെടുക്കുന്നില്ല. ചിന്താ ജെറോമിനെതിരായ വിമര്‍ശനങ്ങളില്‍, സ്ത്രീ എന്ന രീതിയിലുളള ആക്രമണത്തെ പാര്‍ട്ടി ശക്തമായി പ്രതിരോധിക്കും’- എ.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, റിസോര്‍ട്ട് വിവാദം ഇന്നലെ സംസ്ഥാന സമിതിയില്‍ ഇ.പി.ജയരാജന്‍ വിശദീകരിച്ചു. രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും ഇല്ലാതാക്കാന്‍ ഗൂഢാലോചന നടന്നെന്നായിരുന്നു ഇപിയുടെ വാദം. ഭാര്യക്കും മകനും നിക്ഷേപമുള്ളത് അനധികൃതമായി സമ്പാദിച്ചതല്ല. മനപൂര്‍വ്വം വേട്ടയാടുന്നെന്നും അദ്ദേഹം ആരോപിച്ചു. വേട്ടയാടല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പൊതു പ്രവര്‍ത്തനം തന്നെ ഉപേക്ഷിക്കുമെന്നായിരുന്നു ഇപിയുടെ മുന്നറിയിപ്പ്.