അഗര്‍ത്തല: ‘ഉന്നതോ ത്രിപുര, ശ്രേഷ്‌തോ ത്രിപുര’ എന്ന മുദ്രാവാക്യമുയര്‍ത്തി സങ്കല്‍പ് പത്ര എന്ന പേരില്‍ വനിതാ വോട്ടര്‍മാരേയും ഗോത്രവര്‍ഗത്തേയും ലക്ഷ്യമിട്ട് വന്‍ വാഗ്ദാനങ്ങളുമായി ത്രിപുരയില്‍ ബി.ജെ.പിയുടെ പ്രകടന പത്രിക. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയാണ് വ്യാഴാഴ്ച പ്രകടന പത്രിക പുറത്തിറക്കിയത്.
മെരിറ്റ് അടിസ്ഥാനത്തില്‍ കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് സ്‌കൂട്ടി, ഉജ്ജ്വല യോജനപ്രകാരം രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍, സംസ്ഥാനത്ത് വനിതകള്‍ മാത്രമുള്ള ആദ്യ പോലീസ് ബെറ്റാലിയന്‍, എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും പ്രസവവാര്‍ഡുകള്‍ എന്നിവയാണ് സ്ത്രീകളെ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങള്‍. ഗോത്ര ജില്ലാകൗണ്‍സിലുകള്‍ക്ക് കൂടുതല്‍ സ്വയംഭരണാധികാരം നല്‍കുമെന്ന് പത്രിക വാഗ്ദാനം ചെയ്യും. കൗണ്‍സിലുകള്‍ക്ക് ജനസംഖ്യാനുപാതികമായി ബജറ്റ് വകയിരുത്തല്‍, കേന്ദ്രത്തിന് നേരിട്ട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കൗണ്‍സിലുകള്‍ക്ക് അധികാരം, ഗോത്രവര്‍ഗത്തിന് അവരുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും നിലനിര്‍ത്താന്‍ കൗണ്‍സില്‍ പരിധിയില്‍ ട്രൈബല്‍ കോടതി സ്ഥാപിക്കാന്‍ കേന്ദ്രവുമായി ചേര്‍ന്ന് നടപടികള്‍, രാജ്യത്ത് പ്രധാനനഗരങ്ങളില്‍ കൗണ്‍സില്‍ ഭവനുകള്‍, ഗോത്രവര്‍ഗ കുടുംബങ്ങള്‍ക്ക് 5,000 രൂപ വാര്‍ഷിക ധനസഹായം, ഗോത്ര ജില്ലാ കൗണ്‍സിലുകളിലെ എല്ലാ ബ്ലോക്കിലും മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ എന്നിവയാണ് ഗോത്രവര്‍ഗത്തെ ലക്ഷ്യമിട്ടുള്ള പ്രധാന വാഗ്ദാനങ്ങള്‍. ത്രിപുരയിലെ മഹാരാജാവും പ്രദ്യോത് ദേബ് ബര്‍മ്മന്റെ മുത്തച്ഛനുമായിരുന്ന ബിര്‍ ബിക്രം കിഷോര്‍ മാണിക്യ ദേബ് ബര്‍മ്മന്റെ പേരില്‍ ട്രൈബല്‍ സര്‍വകലാശാലയാണ് മറ്റൊരു പ്രധാനവാഗ്ദാനം.
കിസാന്‍ സമ്മാന്‍ നിധി വഴിയുള്ള സഹായധനം 6,000 -ല്‍ നിന്ന് 8,000 രൂപയാക്കി ഉയര്‍ത്തും, സ്വന്തമായി ഭൂമിയില്ലാത്ത കര്‍ഷകര്‍ക്ക് 3,000 രൂപ വാര്‍ഷിക സഹായം, മത്സ്യ കര്‍ഷകര്‍ക്ക് വര്‍ഷം 6,000 രൂപ ധനസഹായം എന്നിവയാണ് കര്‍ഷകരെ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങള്‍. യുവാക്കള്‍ക്ക് ടൂറിസം അടക്കമുള്ള മേഖലയുമായി ബന്ധപ്പെട്ട് സ്വയംതൊഴില്‍ സാധ്യതകള്‍, മെറിറ്റ് അടിസ്ഥാനത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് 50,000 സ്മാര്‍ട്ട് ഫോണുകള്‍, 200 ബൈക്ക് ആംബുലന്‍സുകള്‍, ടൗണ്‍ ഷിപ്പുകള്‍ സ്മാര്‍ട്ട് ടൗണുകളായി വികസിപ്പിക്കും, അഞ്ച് രൂപ സബ്‌സിഡി നിരക്കില്‍ മൂന്ന് നേരം പാകം ചെയ്ത ഭക്ഷണം ലഭിക്കുന്ന ക്യാന്റീനുകള്‍, സൗജന്യ അരിയും ഭക്ഷ്യധാന്യവും എന്നിവയും ബി.ജെ.പി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.

