ഗാന്ധിജി വിഭാവനം ചെയ്ത സത്യഗ്രഹ സമരത്തെയാണ് പിണറായി പരിഹസിക്കുന്നത്; വി ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗാന്ധിജി വിഭാവനം ചെയ്ത സത്യഗ്രഹ സമരത്തെയാണ് പിണറായി പരിഹസിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. സത്യാഗ്രഹ സമരത്തെ തള്ളിപ്പറയുന്നത് ഗാന്ധിജിയെ തള്ളിപ്പറയുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിന്റെ സത്യഗ്രഹ സമരത്തെ തളിപ്പറയുന്ന എൽഡിഎഫ് നേതാക്കൾ ഗാന്ധി നിന്ദയാണ് നടത്തുന്നത്. മുൻപ് ചെയ്ത സമരങ്ങളിൽ നിന്ന് യു ടേൺ അടിച്ചതാണ് പിണറായിയുടെ ശീലം. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ജനങ്ങളുടെ മേൽ അധിക നികുതിയായി അടിച്ചേൽപ്പിക്കുന്നത്. സാക്ഷരതാ പ്രേരക്മാർക്ക് ശമ്പളം കൊടുത്തിട്ട് ആറ് മാസമായി, ആശ്വാസകിരണം അടക്കം എത്രയെത്ര പദ്ധതികൾ മുടങ്ങി. കർഷക കടാശ്വാസ കമ്മീഷന് 400 കോടി കൊടുക്കാനുണ്ട്. കേരളം കടക്കെണിയിൽ അല്ലെങ്കിൽ ഇതൊന്നും കൊടുക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. .

ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ആറ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ നിയമനത്തെ വി ഡി സതീശൻ ചോദ്യം ചെയ്തു. ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിയമപരമായ ഒരു പിൻബലവും ഇല്ലാതെയാണ് 6 സിൻഡിക്കേറ്റ് അംഗങ്ങൾ തുടരുന്നത്. ഓർഡിനൻസ് പ്രകാരമായിരുന്നു നിയമനം. പിന്നീട് നിയമം പാസാക്കിയെങ്കിലും ഗവർണർ ഒപ്പിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.