ഡോക്യുമെന്ററി വിവാദം; ബിബിസിയെ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള സുപ്രീംകോടതി തള്ളി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള വിവാദ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് ബിബിസിയെ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി. തികച്ചും തെറ്റിദ്ധാരണയുണ്ടാക്കുന്നതും വിലയില്ലാത്തതുമായ ഹര്‍ജിയെന്നാണ് ഹിന്ദു സേനയുടെ പ്രസിഡന്റ് വിഷ്ണു ഗുപ്ത നല്‍കിയ ഹര്‍ജിയെ കുറിച്ച് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം എം സുന്ദ്രേഷ് എന്നിവര്‍ ചൂണ്ടിക്കാട്ടിയത്.

അതേസമയം, മുതിര്‍ന്ന അഭിഭാഷകയായ പിങ്കി ആനന്ദാണ് ഹര്‍ജിക്കാരനുവേണ്ടി ഹാജരായത്. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നിരന്തരമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും, സംഭവം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍, സുപ്രീം കോടതി ഹര്‍ജി പൂര്‍ണമായും തള്ളുകയായിരുന്നു.

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയുടെ ആദ്യഭാഗം ജനുവരി രണ്ടാം വാരവും രണ്ടാം ഭാഗം ജനുവരി 24നും റിലീസ് ചെയ്തിരുന്നു. ആദ്യഭാഗം പുറത്തിറങ്ങിയതിനുശേഷം ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ പങ്കുവയ്ക്കുന്നത് തടയാന്‍ കേന്ദ്രം ട്വിറ്ററിനും യൂട്യുബിനും നിര്‍ദേശം നല്‍കിയിരുന്നു. രാജ്യത്തൊട്ടാകെ ഡോക്യുമെന്ററി വിവാദം ഉയര്‍ന്നതോടെ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ പലഭാഗങ്ങളിലായി പ്രദര്‍ശനം നടത്തിയിരുന്നു.