പ്രധാനമന്ത്രിയുടെ എം.എ സര്‍ട്ടിഫിക്കറ്റ് വിവാദം; അരവിന്ദ് കെജ്രിവാളിന്റെ നിയമപോരാട്ടം വിജയിക്കുമോ?

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എം.എ സര്‍ട്ടിഫിക്കറ്റിന്റെ വിശദാംശങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ നടപടി ബാലിശമാണെന്നാണ് ഗുജറാത്ത് സര്‍വകലാശാല ഹൈക്കോടതിയില്‍ വാദിച്ചത്. എന്നാല്‍, ഈ കേസില്‍ ഹൈക്കോടതിയില്‍ തിരിച്ചടിയുണ്ടായാല്‍ കെജ്രിവാള്‍ സുപ്രീംകോടതിയിലേക്ക് പോകാനാണ് സാധ്യത.

ഒരു വിദ്യാര്‍ത്ഥിയുടെയും ബിരുദവിവരങ്ങള്‍ വിവരാവകാശനിയമത്തിന്റെ പരിധിയില്‍വരില്ലെന്ന് ഗുജറാത്ത് സര്‍വ്വകലാശാലയ്ക്കായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കുന്നു. സര്‍വകലാശാലയ്ക്കായി ഹാജരായ തുഷാര്‍ മേത്ത ഒരാളുടെ കൗതുകം പൊതുതാത്പര്യമല്ലെന്ന് വാദിച്ചു. ‘ആരോടെങ്കിലുമുള്ള കണക്കുതീര്‍ക്കാന്‍ വേണ്ടിയാവരുത് വിവരാവകാശം. പൊതുജീവിതത്തെ ബാധിക്കുന്നതല്ലെങ്കില്‍ സ്വകാര്യവിവരം വെളിപ്പെടുത്തേണ്ടതില്ല. ഒരാള്‍ എന്താണ് രാവിലെ കഴിച്ചത് എന്നത് സ്വകാര്യമാണ്. അതിന് പൊതുപണം ചെലവാക്കിയാല്‍ അക്കാര്യം പറയാമെന്നേയുള്ളൂ. മോദിയുടെ ബിരുദവിവരങ്ങള്‍ നേരത്തേ പരസ്യപ്പെടുത്തിയിട്ടുള്ളതുമാണ്’- അദ്ദേഹം അറിയിച്ചു. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷനില്‍ വിദ്യാഭ്യാസ വിവരങ്ങള്‍ നല്‍കേണ്ടതിനാല്‍ വിഷയം പൊതുസ്വഭാവമുള്ളതാണെന്ന് കെജ്രിവാളിനുവേണ്ടി ഹാജരായ അഡ്വ. പെഴ്‌സി കാവിന പറഞ്ഞു.

അതേസമയം, മോദിയുടെ എം.എ സര്‍ട്ടിഫിക്കറ്റിന്റെ വിവരങ്ങള്‍ നല്‍കാനുള്ള കേന്ദ്ര വിവരാവകാശ കമ്മിഷണറുടെ ഉത്തരവിനെതിരേ ഗുജറാത്ത് സര്‍വകലാശാലയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഉത്തരവ് 2016 ജൂലായില്‍ ഹൈക്കോടതി സ്റ്റേചെയ്തിരുന്നു. ഇതിന്റെ വാദമാണ് വ്യാഴാഴ്ച പൂര്‍ത്തിയായത്.