കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് ബുധനാഴ്ചയ്ക്കകം ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി. ശമ്പളം നൽകാൻ കഴിയില്ലെങ്കിൽ സ്ഥാപനം പൂട്ടിക്കോളൂവെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ബുധനാഴ്ചയ്ക്കകം ശമ്പളം നൽകുമെന്നാണ് കെഎസ്ആർടിസി മാനേജ്മെന്റ് കോടതിയെ അറിയിച്ചത്.
സ്ഥാപനം പൂട്ടിയാൽ 26 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്ന് മാനേജ്മെന്റ് കോടതിയിൽ പറഞ്ഞപ്പോൾ യാത്രക്കാർ മറ്റു വഴി തേടിക്കൊള്ളുമെന്നായിരുന്നു കോടതി മറുപടി നൽകിയത്. പത്താം തീയതിയായിട്ടും കെഎസ്ആർടിസിയിൽ ഇതുവരെ ശമ്പളം നൽകിയില്ല. അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകുമെന്നായിരുന്നു മുഖ്യമന്ത്രി നേരത്തെ ഉറപ്പു നൽകിയിരുന്നത്.
അതേസമയം, കെഎസ്ആർടിസിക്കുള്ള സർക്കാർ സഹായം തുടരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആർടിസിയെ സഹായിക്കില്ലെന്ന് സർക്കാർ ഇതുവരെ ഹൈക്കോടതിയെ അറിയിച്ചിട്ടില്ലെന്നും ഏതെങ്കിലും ഉദ്യോഗസ്ഥന്റെ നിലപാടായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

