അമേരിക്കയുടെ പ്രതികരണം നിരുത്തരവാദപരം; രൂക്ഷ വിമർശനവുമായി ചൈന

ബീജിംഗ്: അമേരിക്കയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി ചൈന. ഷി ജിൻ പിംഗിന്റെ ഭരണനേതൃത്വം ഗുരുതരമായ പ്രശ്‌നങ്ങൾ നേരിടുന്നു എന്ന അമേരിക്കൻ പ്രസിഡന്റിന്റെ ആരോപണത്തിനെതിരെയാണ് ചൈന രംഗത്തെത്തിയിട്ടുള്ളത്. അമേരിക്കൻ പ്രസിഡന്റിന്റെ ആരോപണത്തെ ചൈന ശക്തമായി അപലപിച്ചു. അമേരിക്കയുടെ പ്രതികരണം നിരുത്തരവാദപരമാണെന്നും ചൈന വ്യക്തമാക്കി.

ഷി ജിൻ പിംഗ് ഭരണത്തിൽ വെല്ലുവിളികൾ നേരിടുന്നുവെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത്. പ്രശ്‌നങ്ങൾ നേരിടുന്ന സാമ്പത്തിക അവസ്ഥയാണ് ചൈനയ്ക്ക് ഇപ്പോഴുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഒരു ലോക നേതാവും ഷി ജിൻ പിംഗിന്റെ സ്ഥാനം കൈമാറി വാങ്ങാൻ ആഗ്രഹിക്കില്ലെന്നും ബൈഡൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈന അമേരിക്കയ്ക്ക് എതിരെ രംഗത്തെത്തിയത്.

അതിർത്തി കടന്നു പറന്ന കൂറ്റൻ ചൈനീസ് ബലൂൺ അമേരിക്ക മിസൈൽ അയച്ച് തകർത്ത് കടലിൽ വീഴ്ത്തിയിരുന്നു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തർക്കവും ഉണ്ടായിരിക്കുന്നത്. ബലൂൺ വെടിവെച്ചിട്ട സംഭവത്തിൽ അമേരിക്കയ്ക്ക് എതിരെ പ്രതിഷേധം അറിയിച്ച് ചൈന രംഗത്തെത്തുകയും ചെയ്തു. അമേരിക്കയുടെ ഭാഗത്ത് നിന്നും ഉണ്ടായത് അതിര് വിട്ട പ്രതികരണമാണെന്നാണ് ചൈന ആരോപിക്കുന്നത്. അന്താരാഷ്ട്ര മര്യാദയുടെ ലംഘനമാണിതെന്നും തക്കതായ മറുപടി പ്രതീക്ഷിക്കാമെന്നും ചൈന വ്യക്തമാക്കിയിരുന്നു.

സംഭവത്തിൽ തിരിച്ചടി നൽകുമെന്നും അമേരിക്കയ്ക്ക് ചൈന മുന്നറിയിപ്പ് നൽകി. മൂന്നു ലോറികളുടെ വലുപ്പമുള്ള കൂറ്റൻ ബലൂൺ ആണ് കഴിഞ്ഞ ദിവസം അമേരിക്ക വെടിവെച്ചിട്ടത്. രഹസ്യം ചോർത്താൻ ചൈന അയച്ച ചാര ബലൂൺ ആണ് വെടിവെച്ചിട്ടതെന്നാണ് അമേരിക്കയുടെ നിഗമനം. എന്നാൽ, കാലാവസ്ഥ പഠനത്തിനുള്ള സിവിലിയൻ എയർഷിപ്പ് വഴിതെറ്റി പറന്നതെന്നാണ് ചൈന പറയുന്നത്. ആണവായുധ കേന്ദ്രങ്ങൾക്ക് മുകളിലൂടെ ഉൾപ്പെടെ പറന്ന ബലൂൺ രഹസ്യം ചോർത്താൻ ചൈന മനഃപൂർവം അയച്ചതെന്നാണ് അമേരിക്കയുടെ ആരോപണം.