ന്യൂഡൽഹി: സംസ്ഥാന ബജറ്റിലെ അധിക നികുതി നിർദ്ദേശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. നികുതി വർധന പിടിവാശിയോടെയാണ് സർക്കാർ നടപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പിടിവാശിക്ക് മുൻപിൽ സംസ്ഥാനത്തെ തളച്ചിട്ടുവെന്നും ഒരു രൂപ പോലും കുറയ്ക്കാത്ത ഉളുപ്പില്ലായ്മയാണ് മുഖ്യമന്ത്രി കാട്ടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് പിണറായി അധിക നികുതി പാർട്ടി പ്രവർത്തകർ അടക്കില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ അധിക നികുതി അടയ്ക്കരുതെന്ന് കോൺഗ്രസ് ജനങ്ങളോടാവശ്യപ്പെടുന്നു. നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജനകീയ സമരങ്ങൾക്ക് മുൻപിൽ ഈ ഏകാധിപതി മുട്ടുമടക്കിയ ചരിത്രം ഉണ്ട്. തദ്ദേശ സ്ഥാപനങ്ങളോട് ആയിരം കോടി പിരിക്കാൻ പറഞ്ഞിരിക്കുകയാണ്. അത് സാധാരണക്കാരനെ വീണ്ടും ബാധിക്കും. റൊട്ടിയില്ലാത്തിടത്ത് കേക്ക് കഴിച്ചോളൂ എന്നാവശ്യപ്പെട്ട റാണിയെ പോലെയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പരിഹസിച്ചു.
നികുതി വർധനയിൽ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗോ സംരക്ഷണം വിജയകരമായി നടപ്പാക്കിയ ബിജെപി ഇതര മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. എറ്റവും വിലയേറിയ തൊഴുത്ത് ഉണ്ടാക്കിയെന്ന ബഹുമതി മുഖ്യമന്ത്രിക്ക് കൊടുക്കണം. കൗ ഹഗ് ഡേ ആചരിക്കാനുള്ള നിർദ്ദേശം വൈകാതെ മുഖ്യമന്ത്രിയും നൽകും. ഗോരക്ഷക്ക് കോൺഗ്രസ് എതിരല്ല. പക്ഷേ പരിഹാസമായി മാറരുത്. കേന്ദ്രത്തോട് സംസാരിക്കേണ്ടത് കോൺഗ്രസല്ല സർക്കാരാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

