ഇന്ത്യ-റഷ്യ തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള നീക്കം തുടരും; പുടിനുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവല്‍

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനുമായി മോസ്‌കോയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍. ഇന്ത്യ-റഷ്യ തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള നീക്കം തുടരാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു. ഉഭയകക്ഷി-പ്രാദേശിക വിഷയങ്ങളില്‍ ഇരു രാജ്യവും വിശദ ചര്‍ച്ച നടത്തിയതായി റഷ്യയിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ഉള്‍പ്പെടെയുള്ള സാമ്പത്തിക ഇടപെടല്‍ വിപുലീകരിക്കുമെന്ന് ഇരുപക്ഷവും വ്യക്തമാക്കി. യുക്രൈന്‍ യുദ്ധത്തിന് ശേഷം റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ കയറ്റുമതിയില്‍ വലിയ കുതിപ്പുണ്ടായിട്ടുണ്ട്. റഷ്യയുമായുള്ള ഇന്ത്യയുടെ പ്രതിരോധ സഹകരണവും ശക്തമാണ്. ഇന്ത്യയും റഷ്യയും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്റോസ്പേസ് പദ്ധതി തുടരും. യുക്രൈന്‍ അധിനിവേശത്തില്‍ റഷ്യയെ അപലപിക്കുന്ന നിരവധി യുഎന്‍ പ്രമേയങ്ങളില്‍ ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു.

അതേസമയം, ഭീകരവാദത്തിനായി അഫ്ഗാനെ ഉപയോഗിക്കാന്‍ ഒരു രാജ്യത്തെയും അനുവദിക്കരുതെന്നും അഫ്ഗാന്‍ ജനതയെ ഇന്ത്യ ഒരിക്കലും കൈവിടില്ലെന്നും അഫ്ഗാനിസ്ഥാനിലെ സെക്യൂരിറ്റി കൗണ്‍സില്‍/എന്‍എസ്എ സെക്രട്ടറിമാരുടെ അഞ്ചാമത് യോഗത്തില്‍ പങ്കെടുത്ത് ഡോവല്‍ വ്യക്തമാക്കി. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സന്ദര്‍ശിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ഡോവലിന്റെ സന്ദര്‍ശനം.