ജമ്മു കാശ്മീരില്‍ 5.9 ദശലക്ഷം ടണ്‍ ലിഥിയം ശേഖരം കണ്ടെത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: 5.9 ദശലക്ഷം ടണ്‍ ലിഥിയം ശേഖരം ജമ്മു കാശ്മീരില്‍ കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍. ജമ്മു കാശ്മീരിലെ റിയാസി ജില്ലയിലെ സലാല്‍ഹൈമാന മേഖലയിലാണ് വന്‍ ലോഹ നിക്ഷേപം ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ പഠനത്തില്‍ കണ്ടെത്തിയത്.

ജമ്മു കശ്മീര്‍, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണാടക, മദ്ധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന എന്നീ പതിനൊന്ന് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 51 മിനറല്‍ ബ്ലോക്കുകളെ കുറിച്ചുള്ള വിവരങ്ങളാണ് ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ നടത്തിയ പഠനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടിലുള്ളത്. ഇതില്‍ സ്വര്‍ണ നിക്ഷേപമുള്ള അഞ്ച് ബ്ളോക്കുകളും ഉള്‍പ്പെടുന്നു. 7897 ദശലക്ഷം ടണ്‍ ശേഷിയുള്ള കല്‍ക്കരി, ലിഗ്നൈറ്റ് ഖനികളെ കുറിച്ചുള്ള 17 റിപ്പോര്‍ട്ടുകളും ജിഎസ്ഐ കല്‍ക്കരി മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

രാജ്യത്തെ കല്‍ക്കരി നിക്ഷേപം കണ്ടെത്തുന്നതിന് വേണ്ടി 1851ലാണ് ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ (ജിഎസ്ഐ) സ്ഥാപിതമായത്. അതേസമയം, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മ്മാണത്തിന് ഒഴിച്ചുകൂടാനാവാത്ത ലോഹമായതിനാല്‍ തന്നെ ഭാവിയുടെ പെട്രോള്‍ എന്ന വിശേഷണമുള്ള ലോഹമാണ് ലിഥിയം.