ദി കശ്മീര്‍ ഫയല്‍സിനെതിരെ നടന്‍ പ്രകാശ് രാജ് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി രംഗത്ത്.
തന്റെ സിനിമ അര്‍ബന്‍ നക്സലുകള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചുവെന്ന് വിവേക് അഗ്‌നിഹോത്രി ട്വിറ്ററില്‍ കുറിച്ചു. ഇത് ചെറിയ ആളുകളുടെ സിനിമയാണെന്ന് പറഞ്ഞ വിവേക് അഗ്‌നിഹോത്രി പ്രകാശ് രാജിനെ അന്ധകാര്‍ രാജെന്നാണ് വിശേഷിപ്പിച്ചത്. പ്രകാശ് രാജ് കാഴ്ച്ചക്കാരെ കുരയ്ക്കുന്ന നായ്ക്കള്‍ എന്ന് വിളിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും മോശം ചിത്രമാണ് കശ്മീര്‍ ഫയല്‍സ്, നമുക്കറിയാം ഇതാര് നിര്‍മിച്ചതാണെന്നത്, അന്താരാഷ്ട്ര ജൂറി അതിനെ മാറ്റി നിര്‍ത്തി, എന്തുകൊണ്ടാണ് തനിക്ക് ഓസ്‌കാര്‍ ലഭിക്കാത്തതെന്നാണ് സംവിധായകന്‍ ചോദിക്കുന്നത്. വളരെ സെന്‍സിറ്റിവായിട്ടുള്ള മാധ്യമമാണ് നമുക്ക് ചുറ്റുമുള്ളത്. ഒരു പ്രത്യേക അജണ്ടയിലുള്ള ചിത്രം ഇവിടെ ചെയ്യാനാകും. എനിക്കു ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് 2000 കോടിയാണ് ഇത്തരം ചിത്രങ്ങള്‍ ഒരുക്കാന്‍ അവര്‍ മാറ്റിവച്ചിരിക്കുന്നത്. പക്ഷെ നിങ്ങള്‍ക്ക് എപ്പോഴും ഒരാളെ വിഡ്ഡിയാക്കാനാകില്ല’- മാതൃഭൂമി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്‌സിലെ സെഷനിലായിരുന്നു പ്രകാശ് രാജ് കശ്മീര്‍ ഫയല്‍സിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

