ന്യൂഡൽഹി: നികുതി പിരിവുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി ബിജെപി നേതാവ് എ.പി. അബ്ദുള്ളകുട്ടി. സംസ്ഥാനത്തിന്റെ ഭരണം നരേന്ദ്ര മോദിക്ക് കൈമാറിയാൽ നികുതി ആറുമാസം കൊണ്ട് 15000 കോടി പിരിച്ചു തരുമെന്ന് അദ്ദേഹം പറഞ്ഞു. നികുതി വെട്ടിപ്പുകാരെ നിലയ്ക്ക് നിർത്താൻ രണ്ട് കാര്യം ചെയ്താൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.
അതിന്, യോഗി ചെയ്യുന്നതു പോലെ കുറച്ച് ബുൾഡോസർ വേണ്ടി വരും, പിന്നെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വേണ്ടി വരും. കുറച്ച് പൊലീസ് കൂടിയായാൽ സംഗതി ശരിയാകുമെന്നും അബ്ദുള്ളക്കുട്ടി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാനത്തെ നികുതി വർദ്ധനവ് ധനമന്ത്രി കെ എൻ ബാലഗോപാലിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും കഴിവുകേടാണ്. അധികാരം എന്നതുകൊള്ളയടിക്കാനുള്ള അവകാശമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബാലഗോപാലിന്റെ അധികാരം താത്കാലികമാണ്. സ്വർണ്ണ കച്ചവടത്തിൽ നികുതി ലഭിക്കുന്നില്ല. ശക്തമായ നിലപാട് വേണം. നട്ടെല്ലുള്ളവരുടെ കൈയിൽ ധനവകുപ്പ് നൽകണം. ഇന്ത്യയിൽ ജിഎസ്ടി വരുമാനം കുതിച്ചുയരുകയാണ്. അതുകൊണ്ടാണ് എല്ലാവർക്കും സൗജന്യ റേഷൻ കൊടുക്കുന്നത്. ലക്ഷക്കണത്തിന് കോടി രൂപയുടെ സഹായം കേന്ദ്രം കേരളത്തിന് നൽകി വരുന്നുണ്ടെന്നും അബ്ദുള്ളകുട്ടി കൂട്ടിച്ചേർത്തു.

