കൊച്ചി: സംസ്ഥാനത്തെ മയക്കുമരുന്ന് ഇടപാടുകാരുടെ വിവരങ്ങൾ പുറത്തുവിട്ട് എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ്. 2,434 മയക്കുമരുന്ന് ഇടപാടുകാരുടെ പേരുകളുള്ള പട്ടികയാണ് എക്‌സൈസ് തയ്യാറാക്കിയത്. ഒന്നിലധികം തവണ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവർക്ക് പ്രതിരോധ തടങ്കൽ ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാനാണ് എക്‌സൈസ് വകുപ്പിന്റെ തീരുമാനം.
കണ്ണൂരാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.412 മയക്കുമരുന്ന് ഇടപാടുകാർ ഈ പട്ടികയിലുണ്ട്. 376 പേരുമായി എറണാകുളം ജില്ല രണ്ടാം സ്ഥാനത്തും 316 പേരുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമുണ്ട്. തൃശ്ശൂർ 302, ഇടുക്കി 161, ആലപ്പുഴ 155, കോട്ടയം 151, മലപ്പുറത്ത് 130, തിരുവനന്തപുരം 117, കോഴിക്കോട് 109, വയനാട് 70, കൊല്ലം- പത്തനംതിട്ട എന്നീ ജില്ലകളിലായി 62 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകൾ. കാസർഗോഡാണ് ഏറ്റവും കുറവ് മയക്കു മരുന്ന് ഇടപാടുകാരുള്ളത്. 11 പേരാണ് ജില്ലയിൽ നിന്നും ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.
ഒന്നിലധികം തവണ എൻഡിപിഎസ് കേസുകളിൽ പിടിയിലാകപ്പെട്ടവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കൂടുതൽ മയക്കുമരുന്ന് വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തടയാൻ ഇവരെ നിരന്തരം നിരീക്ഷിക്കുമെന്നാണ് എക്‌സൈസ് മുന്നറിയിപ്പ് നൽകുന്നത്. എൻഡിപിഎസ് കേസുകളിൽ അറസ്റ്റിലായവരിൽ നിന്നും ജയിൽ മോചിതരായവരിൽ നിന്നും ഇനി മയക്കുമരുന്ന് വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്ന രേഖാമൂലമുള്ള കരാറും വാങ്ങുമെന്ന് എക്‌സൈസ് വൃത്തങ്ങൾ അറിയിച്ചു.

