പാലക്കാട്: പുലിപ്പേടിയിൽ വലഞ്ഞ് അട്ടപ്പാടി അഗളി ഷോളയൂരിലെ ജനങ്ങൾ. രണ്ടു മാസത്തിനിടെ ഏഴ് പശുക്കളെ പുലി കൊന്നൊടുക്കി. കന്നുകാലികളെ വളർത്തി ജീവിക്കുന്ന നാട്ടുകാരെ ഇത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കത്താളിക്കണ്ടി ഊരിൽ രണ്ട് പുലികൾ പതിവായി എത്തുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇവിടെയുള്ളവരിൽ ഭൂരിഭാഗം പേരും കന്നുകാലികളെ വളർത്തി ജീവിക്കുന്നവരാണ്.
അതേസമയം, പുലിയ്ക്ക് പുറമെ, ചെന്നായ്ക്കളും ഇവിടെ പതിവായി എത്തുന്നുണ്ട്. കന്നുകാലികളെ മേയ്ക്കാനായി അധികദൂരം പോകാൻ പോലും ഇവിടെ താമസിക്കുന്നവർ ഇപ്പോൾ ഭയപ്പെടുകയാണ്. പുലികൾ പതിവായി പട്ടികളെയും പിടിക്കുന്നുണ്ട്. ഇതോടെ ഊരു കാവലിനുള്ള നായ്ക്കൾ കുറഞ്ഞിരിക്കുകയാണ്. പ്രശ്‌ന പരിഹാരത്തിനായി വനംവകുപ്പ് ഇടപെടണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.

