എന്തുകൊണ്ട് നെഹ്‌റു എന്ന കുടുംബപ്പേര് കുടുംബാംഗങ്ങൾ ഉപയോഗിക്കുന്നില്ല: കോൺഗ്രസിനോട് ചോദ്യവുമായി നരേന്ദ്രമോദി

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ കുടുംബത്തിലുള്ളവർ എന്തുകൊണ്ടാണ് ‘നെഹ്റു’ എന്ന കുടുംബപ്പേര് ഉപയോഗിക്കാത്തതെന്ന ചോദ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിലാണ് പ്രധാനമന്ത്രി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്. നെഹ്റുവിനെ എവിടെയെങ്കിലും പരാമർശിക്കാതെ പോയാൽ കോൺഗ്രസ് അസ്വസ്ഥരാകുന്നുവെന്നും പിന്നെ എന്തുകൊണ്ട് അവരാരും നെഹ്റു എന്ന പേര് ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം ചോദിക്കുന്നു.

നെഹ്‌റു രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയാണ്. തനിക്ക് മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള ഒരു വ്യക്തിയും എന്തുകൊണ്ടാണ് നെഹ്റു എന്ന കുടുംബപ്പേര് ഉപയോഗിക്കാത്തത്. എന്തിനാണ് നാണിക്കുന്നതെന്നും ഇത്രയും വലിയ മഹദ്വ്യക്തിത്വത്തെ നിങ്ങൾക്കും കുടുംബത്തിനും സ്വീകാര്യമല്ലെങ്കിൽ എന്തിനാണ് ഞങ്ങളെ കുറ്റപ്പെടുത്തുന്നതെന്നും മോദി ചോദിച്ചു. സർക്കാർ പദ്ധതികളുടെ പേര് സംബന്ധിച്ച് ചിലർ പരാതി പറയുന്നുണ്ട്. എന്നാൽ, ഏതാണ്ട് അറുനൂറോളം പദ്ധതികൾ ഗാന്ധി-നെഹ്റു കുടുംബത്തിന്റെ പേരിലാണ് അറിയപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ചില പദ്ധതികളിൽ നെഹ്റുവിന്റെ പേരില്ലെങ്കിൽ ചിലർക്ക് വിറളിപിടിക്കുന്നു. ചിലപ്പോൾ നെഹ്റുജിയുടെ പേര് തങ്ങൾക്ക് വിട്ടുപോയെന്നു വരാം. പിന്നീടത് ശരിയാക്കാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.