കൊല്‍ക്കത്ത: കൊല്‍ക്കത്ത സെന്റ് സേവ്യേഴ്സ് സര്‍വകലാശാലയിലെ ഡോക്ടറേറ്റ് സമര്‍പ്പണവേദിയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ഗവര്‍ണര്‍ സി.വി ആനന്ദബോസ് പ്രകീര്‍ത്തിച്ചതിനു പിന്നാലെ വിമര്‍ശനം കടുപ്പിച്ച് ബിജെപി. മമതയുടെ സാഹിത്യാഭിരുചിയെ അഭിനന്ദിക്കുകയും, അവരെ ഡോ. എസ് രാധാകൃഷ്ണന്, എ ബി വാജ്പേയി, എ പി ജെ അബ്ദുല്‍ കലാം, വിന്സ്റ്റന് ചര്‍ച്ചില്‍ തുടങ്ങിയവരോട് ആനന്ദബോസ് ഉപമിക്കുകയും ചെയ്തിരുന്നു. മമതയെപ്പോലെ ഇവരെല്ലാം എഴുത്തുകാരായ രാഷ്ട്രതന്ത്രജ്ഞരാണെന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാല്‍, ഇതിനെതിരെ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി രംഗത്തു വന്നു. ‘മമത ചര്‍ച്ചിലിനെപ്പോലെയാണെന്ന ഗവര്‍ണറുടെ വിലയിരുത്തലിനോട് ഭാഗികമായി യോജിക്കുന്നു. 1943ല്‍ ബംഗാളിലെ കൊടുംക്ഷാമത്തിന് കാരണക്കാരന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ചര്‍ച്ചിലായിരുന്നു. പട്ടിണിയും പോഷകാഹാരക്കുറവുംമൂലം 40 ലക്ഷത്തോളം പേരാണ് മരിച്ചത്. മനുഷ്യചരിത്രത്തിലെത്തന്നെ ഏറ്റവും കടുത്ത വംശഹത്യയാണത്’- സുവേന്ദു ആരോപിച്ചു. ‘വര്‍ഷങ്ങള്‍ക്കു മുന്‍പ് വിദേശ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് കിട്ടിയെന്ന് മമത അവകാശപ്പെട്ടിരുന്നു. പിന്നീടത് വ്യാജമാണെന്ന് തെളിഞ്ഞു. ഇപ്പോള്‍ ഗവര്‍ണര്‍ അവരെ പ്രശംസിച്ച് വേറെ ഡോക്ടറേറ്റ് കൊടുക്കുന്നു. എന്നാല്‍, ഇത്തരം ബഹുമതികള്‍ക്ക് അവര്‍ അര്‍ഹയാണോ എന്ന കാര്യം ആലോചിക്കണം’- എന്ന് സിപിഎം നേതാവ് സുജന്‍ ചക്രവര്‍ത്തിയും പറഞ്ഞു.
അതേസമയം, സംസ്ഥാനത്തിന്റെ വികസനത്തിനായി ഗവര്‍ണറും മുഖ്യമന്ത്രിയും ഒരുമിച്ചുപ്രവര്‍ത്തിക്കുന്നത് ബിജെപിക്ക് സഹിക്കുന്നില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ശന്തനു സെന്‍ പ്രതികരിച്ചത്. ജഗ്ദീപ് ധന്‍കര്‍ ഗവര്‍ണറായിരുന്ന കാലത്ത് ബിജെപി രാജ്ഭവനെ പാര്‍ട്ടി ഓഫീസാക്കി മാറ്റിയിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈയിടെ രാജ്ഭവനില്‍ മമതയുടെ സാന്നിധ്യത്തില്‍ നടന്ന ഗവര്‍ണറുടെ എഴുത്തിനിരുത്തല്‍ ചടങ്ങിനെതിരേ ബിജെപി രംഗത്തെത്തിയിരുന്നു. പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്തിരുന്നു.

