ജനപ്രിയ മദ്യങ്ങള്‍ക്ക് വില കൂട്ടിയിട്ടില്ല: മന്ത്രി കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന തരത്തില്‍ പെട്ട മദ്യത്തിനു വില കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കുപ്പിക്ക് 500 രൂപയ്ക്കു മുകളില്‍ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളില്‍ വിലയുള്ള മദ്യത്തിന് 40 രൂപയുമാണു സെസ്. കേരളത്തില്‍ ഏറ്റവുമധികം വില്‍ക്കുന്ന മദ്യം 500 രൂപയ്ക്കു താഴെയുള്ളതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തില്‍ വില്‍ക്കുന്നതില്‍ ഏറ്റവും വില കുറഞ്ഞ മദ്യമായ ജവാന്‍ റമ്മിന്റെ ഒരു ലിറ്ററിന്റെ കുപ്പിക്ക് വില 610 രൂപയാണ്. ഇതു കഴിഞ്ഞാല്‍ ഏറ്റവും വിലക്കുറവ് ലീറ്ററിന് 640 രൂപ വിലയുള്ള ബെര്‍മുഡ റം ആണ്. ഇതും ചെറിയ അളവില്‍ ലഭ്യമല്ല. പൈന്റ് (375 മി.ലീ), ക്വാര്‍ട്ടര്‍ (180 മി.ലീ) അളവിലുള്ള ചില ബ്രാന്‍ഡുകള്‍ മാത്രമാണ് 500 രൂപയ്ക്കു താഴെ ലഭ്യമായത്. 20 രൂപയും 40 രൂപയും സെസ് ഏര്‍പ്പെടുത്തിയ വില വിഭാഗത്തിലുള്ള മദ്യമാണു സംസ്ഥാനത്ത് 70 ശതമാനവും വില്‍ക്കുന്നത്.