ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനുമേല്‍ പ്രതിപക്ഷം വാരിയെറിയുന്ന ചെളിയില്‍ താമര നന്നായി വളരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യസഭയിലെ നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സഭയില്‍ ചില പ്രതിപക്ഷ അംഗങ്ങളുടെ പ്രസ്താവന നിരാശാജനകമാണ്. അവരുടെ പെരുമാറ്റം രാജ്യതാല്‍പര്യത്തിന് എതിരാണ്. ആര് ബഹളം വച്ചാലും ജനം സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ശ്രദ്ധിക്കും. വിവാദമല്ല വികസനമാണ് ചര്‍ച്ച ചെയ്യേണ്ടത്. കോണ്‍ഗ്രസ് ഭരിച്ച ആറ് ദശകം നിരര്‍ത്ഥകമായിരുന്നു. കോണ്‍ഗ്രസ് തകര്‍ത്ത രാജ്യത്തെ ബിജെപി സര്‍ക്കാരാണ് രക്ഷിച്ചത്. കോണ്‍ഗ്രസിന്റെ ലക്ഷ്യം കുടുംബക്ഷേമം മാത്രമായിരുന്നു. രാജ്യം നേരിട്ട പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ കോണ്‍ഗ്രസിന് ഒരിക്കലും സാധിച്ചിട്ടില്ല. ഇനി കോണ്‍ഗ്രസുകാര്‍ കണ്ണീരൊഴുക്കിയിട്ട് കാര്യമില്ലെന്നും ജനം അവരെ തള്ളിക്കഴിഞ്ഞുവെന്നും മോദി പറഞ്ഞു. രാജ്യത്ത് കോണ്‍ഗ്രസിന്റെ അക്കൗണ്ട് ബിജെപി പൂട്ടിച്ചതില്‍ കോണ്‍ഗ്രസിനുള്ള വേദന തനിക്ക് മനസ്സിലാകും. ഖാര്‍ഗെയുടെ സ്വന്തം തട്ടകത്തില്‍ താന്‍ എത്തിയതിലുള്ള പ്രതിഷേധമാണ് അദ്ദേഹത്തിന്. ഖാര്‍ഗെ കര്‍ണാടകത്തിനായി ഒന്നും ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ പോലും വികസനം എത്തിച്ചത് ബിജെപിയാണ്’- മോദി ചൂണ്ടിക്കാട്ടി.
അതേസമയം, പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. അദാനി ഗ്രൂപ്പിനെതിരേയുള്ള ആരോപണങ്ങളില്‍ ജെപിസി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ‘മോദി-അദാനി ഭായി ഭായി’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

