ന്യൂഡൽഹി: സുപ്രിം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് മുസ്ലിം വ്യക്തിനിയമ ബോർഡ്. മുസ്ലിം സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കുന്നതിനോ, പ്രാർത്ഥന നടത്തുന്നതിനോ വിലക്കില്ലെന്ന് ബോർഡ് അറിയിച്ചു. എന്നാൽ പള്ളികൾക്കുള്ളിൽ പുരുഷന്മാർക്കൊപ്പം പ്രാർഥിക്കാൻ മതത്തിൽ അനുവാദമില്ലന്നും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
മസ്ജിദിൽ സ്ത്രീകൾക്കും ആരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് വ്യക്തി നിയമ ബോർഡ് സത്യവാങ്മൂലം നൽകിയത്. പള്ളികളിൽ സ്ത്രീകൾ പ്രവേശിക്കുന്നത് ഇസ്ലാമിക് മതഗ്രന്ഥങ്ങളിൽ വിലക്കിയിട്ടില്ലെന്ന് ബോർഡ് കോടതിയെ അറിയിച്ചു. സ്ത്രീക്കും, പുരുഷനും ഒരേ സ്ഥലത്ത് പ്രാർത്ഥന നടത്താൻ മതം അനുവദിക്കുന്നില്ല. പള്ളി കമ്മിറ്റികൾ തന്നെ പള്ളിക്കുള്ളിൽ സ്ത്രീകൾക്ക് പ്രാർത്ഥിക്കാൻ പ്രത്യേക സ്ഥലം ഒരുക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
മുസ്ലിം പള്ളികളിൽ പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും പ്രാർഥന നടത്താനും, നിസ്‌കരിക്കരിക്കാനും അനുമതി നൽകാൻ നിര്ദേശിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകയായ ഫറ അൻവർ ഹുസ്സൈൻ ഷെയ്ഖാണ് ഹർജി സമർപ്പിച്ചിരുന്നത്. മക്കയിലും, മദീനയിലും പുരുഷന്മാർക്കൊപ്പം സ്ത്രീകളും ഉംറ നടത്തുന്നെണ്ടെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

