ബിജെപി ഭരണത്തിൽ രാജ്യം അഴിമതി മുക്തമായിരിക്കുന്നു; ലോകത്തിന് മുന്നിൽ വലിയ സ്ഥാനമാണ് ഇന്ത്യക്കെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്‌സഭയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേൽ നടന്ന ചർച്ചയിൽ രാഹുൽ ഗാന്ധി കേന്ദ്രത്തെയും ദ്രൗപദി മുർമുവിനെയും അവഹേളിക്കുന്ന തരത്തിൽ പരാമർശം നടത്തിയിരുന്നു. ഇതിലായിരുന്നു രാഹുൽ ഗാന്ധിയുടെ പേര് എടുത്ത് പറയാതെയുള്ള പ്രധാനമന്ത്രിയുടെ വിമർശനം,

രാഹുൽ രാഷ്ട്രപതിയെ വരെ അപമാനിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ഭരണത്തിൽ രാജ്യം അഴിമതി മുക്തമായിരിക്കുന്നു. ലോകത്തിന് മുന്നിൽ വലിയ സ്ഥാനമാണ് രാജ്യത്തിന് ഉള്ളത്. യുപിഎ കാലത്ത് ഭീകരാക്രമണങ്ങളും അഴിമതിയും മാത്രമാണ് നടന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ചിലരുടെ മനോനിലയാണ് ലോക്‌സഭയിലെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്. രാഷ്ട്രപതിയെ പോലും അപമാനിച്ചു. ഇത്തരം പ്രതികരണത്തിലൂടെ കോൺഗ്രസിന്റെ പ്രമുഖ നേതാവ് എന്താണെന്ന് വ്യക്തമായി. വെറുപ്പിന്റെ രാഷ്ട്രീയമാണ് കോൺഗ്രസിന്റേതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചപ്പോൾ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിച്ചു. ഡിഎംകെ, എൻസിപി, തൃണമൂൽ എംപിമാർ സഭയിൽ തുടർന്നു. അദാനി വിവാദത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം.