ന്യൂഡൽഹി: കേരള സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാൻ ഗവർണർ. മുൻ വൈസ് ചാൻസലർ ഡോ രാജശ്രീ എംഎസ്സിന്റെ നിയമനം റദ്ദാക്കിയ വിധിയിൽ വ്യക്തത തേടിയാണ് ഗവർണർ സുപ്രീം കോടതിയെ സമീപിക്കുന്നത്. അറ്റോർണി ജനറൽ ആർ വെങ്കിട്ട രമണിയാകും ഗവർണർക്കായി കോടതിയിൽ ഹാരാകുന്നതെന്നാണ് പുറത്തു വരുന്ന വിവരം.
സാങ്കേതിക സർവകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയിൽ തുടർനടപടികളെ സംബന്ധിച്ച വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ല. പുതിയ വിസി നിയമനവുമായി സർക്കാർ സഹകരിക്കുന്നില്ലെന്ന നിലപാടാണ് ഗവർണറുടേത്. ഇത് സർവ്വകലാശാലയുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന സാഹചര്യത്തിലാണ് വിസി നിയമനം റദ്ദാക്കിയ വിധിയിൽ സ്വീകരിക്കേണ്ട തുടർനടപടികളിൽ വ്യക്തത തേടി ഗവർണർ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്യാനൊരുങ്ങുന്നതെന്നാണ് പുറത്തു വരുന്ന വിവരം.
ഹർജി ഫയൽ ചെയ്യുന്നതിന് മുന്നോടിയായി ഗവർണറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറ്റോർണി ജനറലുമായി ചർച്ച നടത്തിയെന്നാണ് ലഭ്യമാകുന്ന വിവരം. അറ്റോർണി ജനറൽ ഗവർണർക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുക കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ അനുമതിയോടെയായിരിക്കും.

