‘ഡി-ഡാഡ്’: കുട്ടികളിലെ ഡിജിറ്റല്‍ ആസക്തി മാറ്റാന്‍ കേരള പോലീസിന്റെ പദ്ധതി

കണ്ണൂര്‍: സംസ്ഥാനത്ത് കുട്ടികളെ സുരക്ഷിത ഇന്റര്‍നെറ്റ് ഉപയോഗം പഠിപ്പിക്കാനും ഡിജിറ്റല്‍ ആസക്തി മാറ്റാനും കേരള പോലീസിന്റെ ‘ഡി-ഡാഡ്’വരുന്നു. അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം, ഓണ്‍ലൈന്‍ ഗെയിം ആസക്തി, അശ്ലീലസൈറ്റുകള്‍ സന്ദര്‍ശിക്കല്‍, സാമൂഹികമാധ്യമങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത്, വ്യാജ ഷോപ്പിങ് സൈറ്റുകളിലൂടെ പണം നഷ്ടപ്പെടുന്നത് തുടങ്ങിയവ കൗണ്‍സലിങ്ങിലൂടെ മാറ്റിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സോഷ്യല്‍ പോലീസിങ് ഡയറക്ടറേറ്റാണ് സംസ്ഥാനത്ത് ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ സെന്റര്‍ (ഡി-ഡാഡ്) തുടങ്ങുന്നത്.

ഡിജിറ്റല്‍ ആസക്തിയുള്ള 18 വയസ്സുവരെയുള്ളവര്‍ക്ക് സൗജന്യ കൗണ്‍സലിങ് നല്‍കും. രക്ഷിതാക്കള്‍ക്ക് കുട്ടികളുമായി നേരിട്ടെത്തി പ്രശ്‌ന പരിഹാരം തേടാം. സ്റ്റുഡന്റ് പോലീസ് കാഡറ്റുകളുടെയും അധ്യാപകരുടെയും സഹായത്തോടെ ഇത്തരത്തിലുള്ള കുട്ടികളെ കണ്ടെത്തിയും കൗണ്‍സലിങ് നല്‍കും. ഇതിനായി ഡി-സേഫ് എന്ന ഡിജിറ്റല്‍ ടൂള്‍കിറ്റും ഒരുക്കി. കൗണ്‍സലിങ്ങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളാണെങ്കില്‍ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടും.

അതേസമയം, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളിലാണ് ആദ്യം സെന്ററുകള്‍ തുടങ്ങുന്നത്. എല്ലാ ഡി-ഡാഡ് സെന്ററുകളിലും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാരും പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുമുണ്ടാകും. ഇതിനുപുറമേ ഒരു പോലീസ് കോ-ഓര്‍ഡിനേറ്ററുമുണ്ടാകും. എ.എസ്.പി.മാര്‍ക്കാണ് ജില്ലകളില്‍ പദ്ധതിയുടെ ചുമതല. എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 10 മുതല്‍ അഞ്ചുവരെ സെന്ററിലൂടെ സേവനം ലഭിക്കും. അഞ്ചുലക്ഷം രൂപ വീതം ചെലവഴിച്ചാണ് സെന്ററുകളില്‍ സൗകര്യമൊരുക്കിയത്. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: 9497900200.