ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ നീരീക്ഷിക്കാൻ ചൈന ചാര ബലൂൺ ഉപയോഗിച്ചു; റിപ്പോർട്ട് പുറത്തുവിട്ട് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ

വാഷിംഗൺ: ചൈനക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന വാർത്തകൾ പുറത്തുവിട്ട് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ നീരീക്ഷിക്കാൻ ചൈന ചാര ബലൂൺ ഉപയോഗിച്ചുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാഷിംഗ്ടൺ പോസ്റ്റാണ് ഇതുസംബന്ധിച്ച രിപ്പോർട്ട് പുറത്തുവിട്ടത്. ഇന്ത്യയും ജപ്പാനും ഉൾപ്പെടെ നിരവധി രാജ്യങ്ങളെ ലക്ഷ്യമിട്ട് ചൈന നിരീക്ഷണ ബലൂൺ ഉപയോഗിച്ചിരുന്നതായാണ് വാഷ്ടിംഗടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിയറ്റ്നാം, ജപ്പാൻ, ഇന്ത്യ, തായ്‌വാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലെ സൈനിക വിവരങ്ങൾ ശേഖരിക്കാൻ ചൈന ഇത്തരത്തിൽ ചാരബലൂൺ ഉപയോഗിക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഇത്തരം ബലൂണുകളുകൾ ചൈനയിലെ എല്ലാ ഭാഗത്തുമുണ്ടെന്നും ചാരപ്രവർത്തനം മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുകയാണെന്നും വാഷിംഗ്ടൺ പോസ്റ്റിൽ പറയുന്നു. അത്യാധുനിക സംവിധാനത്തോടെ പ്രവർത്തിക്കുന്ന ഈ ബലൂണുകളുടെ നിയന്ത്രണ ചുമതല ചൈനയുടെ സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വ്യോമസേനയാണ് നിയന്ത്രിക്കുന്നതെന്നും വാഷിംഗ്ടൺ പോസ്റ്റ് വ്യക്തമാക്കുന്നു.

അതേസമയം, അതിർത്തി കടന്നു പറന്ന കൂറ്റൻ ചൈനീസ് ബലൂൺ അമേരിക്ക മിസൈൽ അയച്ച് തകർത്ത് കടലിൽ വീഴ്ത്തിയിരുന്നു. സംഭവത്തിൽ അമേരിക്കയ്ക്ക് എതിരെ പ്രതിഷേധം അറിയിച്ച് ചൈന രംഗത്തെത്തുകയും ചെയ്തു. അമേരിക്കയുടെ ഭാഗത്ത് നിന്നും ഉണ്ടായത് അതിര് വിട്ട പ്രതികരണമാണെന്നാണ് ചൈന ആരോപിക്കുന്നത്. അന്താരാഷ്ട്ര മര്യാദയുടെ ലംഘനമാണിതെന്നും തക്കതായ മറുപടി പ്രതീക്ഷിക്കാമെന്നും ചൈന വ്യക്തമാക്കിയിരുന്നു.

സംഭവത്തിൽ തിരിച്ചടി നൽകുമെന്നും അമേരിക്കയ്ക്ക് ചൈന മുന്നറിയിപ്പ് നൽകി. മൂന്നു ലോറികളുടെ വലുപ്പമുള്ള കൂറ്റൻ ബലൂൺ ആണ് കഴിഞ്ഞ ദിവസം അമേരിക്ക വെടിവെച്ചിട്ടത്. രഹസ്യം ചോർത്താൻ ചൈന അയച്ച ചാര ബലൂൺ ആണ് വെടിവെച്ചിട്ടതെന്നാണ് അമേരിക്കയുടെ നിഗമനം. എന്നാൽ, കാലാവസ്ഥ പഠനത്തിനുള്ള സിവിലിയൻ എയർഷിപ്പ് വഴിതെറ്റി പറന്നതെന്നാണ് ചൈന പറയുന്നത്. ആണവായുധ കേന്ദ്രങ്ങൾക്ക് മുകളിലൂടെ ഉൾപ്പെടെ പറന്ന ബലൂൺ രഹസ്യം ചോർത്താൻ ചൈന മനഃപൂർവം അയച്ചതെന്നാണ് അമേരിക്കയുടെ ആരോപണം.

വെടിവെച്ചിട്ടത് നിരീക്ഷണ ബലൂൺ തന്നെയായിരുന്നെന്നും യു.എസിനും കാനഡയ്ക്കും മുകളിലൂടെ ബോധപൂർവം ബലൂൺ പറത്തി സൈനിക കേന്ദ്രങ്ങളിൽ ഉൾപ്പെടെ നിരീക്ഷണം നടത്താനായിരുന്നു ചൈനയുടെ ശ്രമം എന്ന കാര്യത്തിൽ ഉറപ്പുണ്ടെന്നും അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.