ന്യൂഡൽഹി: കേരളം ഉൾപ്പെടെ പത്തു സംസ്ഥാനങ്ങൾക്ക് അന്ത്യശാസനം നൽകി സുപ്രീം കോടതി. വിരമിച്ച ജുഡീഷ്യൽ ഓഫീസർമാരുടെ പെൻഷൻ തുക ഉയർത്തണമെന്ന നിർദേശം നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്കാണ് കോടതി അന്ത്യശാസനം നൽകിയത്. ഉയർത്തിയ തുക രണ്ടാഴ്ച്ചയ്ക്കം നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ബി..ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
1996 ജനുവരി ഒന്നിന് ശേഷം വിരമിച്ച ജുഡീഷ്യൽ ഓഫീസർമാരുടെ പെൻഷൻ വർധിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത് 2012-ലാണ്. കർണാടക മോഡലിൽ പെൻഷൻ നിശ്ചയിച്ച ജുഡീഷ്യൽ ഓഫീസർമാരുടെയും പെൻഷൻ വർധിപ്പിക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. 3.07 മടങ്ങിന്റെ വർധനവാണ് സുപ്രീം കോടതി നിർദേശിച്ചത്. വഹിച്ചിരുന്ന തസ്തികയുടെ പരിഷ്‌കരിച്ച ശമ്പള സ്‌കെയിലിൻറെ ചുരുങ്ങിയത് അമ്പത് ശതമാനം എങ്കിലും പെൻഷനായി നൽകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം കേസ് പരിഗണിക്കുമ്പോഴാണ് കോടതി നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്. എന്നാൽ ഇത്തവണയും പല സംസ്ഥാനങ്ങളും നടപടികൾ സ്വീകരിക്കാതെ വന്നതോടെയാണ് സുപ്രീം കോടതി അന്ത്യശാസനം നൽകിയത്. അതേസമയം, ഉയർന്ന പെൻഷനായുള്ള തുക വകയിരുത്തിയെന്നും രണ്ടാഴ്ച്ചക്കുള്ളിൽ ഇത് വിതരണം ചെയ്യുമെന്നും കേരളം കോടതിയെ അറിയിച്ചു.

