തുര്‍ക്കിയിലും സിറിയയിലും സമാനതകളില്ലാത്ത ദുരന്തം; സംസ്ഥാനം സഹായം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

തുര്‍ക്കിയിലുണ്ടായത് സമാനതകളില്ലാത്ത ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘അഗാധമായ ദുഃഖം ഉണ്ടാക്കുന്നു. എല്ലാവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടത്തണം. തുര്‍ക്കിയിലും സിറിയയിലും സഹായമെത്തിക്കാന്‍ രാജ്യം തയ്യാറെടുത്തു കഴിഞ്ഞു. സംസ്ഥാനവും സഹായം നല്‍കും. മരിച്ചവര്‍ക്ക് കേരള നിയമസഭയുടെ ആദരാഞ്ജലി അര്‍പ്പിക്കുന്നു’- അദ്ദേഹം പറഞ്ഞു.

അതേസമയം, ഭൂചലനത്തില്‍ തുര്‍ക്കിയിലും സിറിയയിലും 7,800 പേര്‍ കൊല്ലപ്പെട്ടെന്ന് ഏറ്റവും പുതിയ കണക്ക്. തുര്‍ക്കിയില്‍ മാത്രം ഇതുവരെ പൊലിഞ്ഞത് 5,900 ജീവനുകളാണ്. വടക്കന്‍ സിറിയയില്‍ മരണസംഖ്യ 1,900 കടന്നു. തുര്‍ക്കിയില്‍ പരിക്കേറ്റവരുടെ എണ്ണം 32,000 പിന്നിട്ടു. മരണസംഖ്യ ഇനിയും കൂടുമെന്നാണ് തുര്‍ക്കിയുടെ ആരോഗ്യ മന്ത്രി അറിയിച്ചത്. പതിനോരായിരത്തിലേറെ കെട്ടിടങ്ങളാണ് നിലം പൊത്തിയത്. കൊടും തണുപ്പും തകര്‍ന്ന റോഡുകളും രക്ഷാദൗത്യത്തെ കൂടുതല്‍ ദുഷ്‌കരമാക്കി. അടിയന്തരസഹായവുമായി ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ തുര്‍ക്കിയിലും സിറിയയിലുമെത്തിയിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിനും പരിചരണത്തിനും ആവശ്യമായ സാമഗ്രികളും മരുന്നുകളുമായാണ് ഇന്ത്യന്‍ കരസേന, ദേശീയ ദുരന്ത നിവാരണസേന സംഘങ്ങള്‍ ദുരന്ത് സ്ഥലത്തെത്തിയത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ 101 അംഗ ദുരന്തനിവാരണസേനയെയാണ് ഇന്ത്യ തുര്‍ക്കിയിലേക്കയച്ചത്. ഡോക്ടര്‍മാരും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ വൈദഗ്ധ്യമുള്ള നായ്ക്കളും സംഘത്തിനൊപ്പുമുണ്ട്. ഇതിനു പിന്നാലെ 99 പേരടങ്ങുന്ന കരസേനാ പാരാ മെഡിക് സംഘവും തുര്‍ക്കിയിലെത്തി. താല്‍ക്കാലിക ആശുപത്രി, വെന്റിലേറ്ററുകള്‍, എക്സ്റേ യന്ത്രങ്ങള്‍, ഓക്സിജന്‍ പ്ലാന്റ് എന്നിവയടക്കം ദുരന്തമേഖലയില്‍ ഇന്ത്യന്‍ സേന സജ്ജമാക്കും.