ന്യൂഡൽഹി: ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് തുർക്കി. ഭൂചലനത്തെ തുടർന്നുണ്ടായ ദുരന്തത്തിൽ പകച്ച് നിൽക്കവെ സഹായമെത്തിച്ചതിനാണ് തുർക്കി ഇന്ത്യയ്ക്ക് നന്ദി അറിയിച്ചത്. ഡോഗ് സ്‌ക്വാഡുകൾ, മരുന്നുകൾ, മറ്റ് ദുരിതാശ്വാസ സാമഗ്രികൾ എന്നിവയുൾപ്പെടുന്ന ദുരിതാശ്വാസ സംഘത്തെയാണ് ഇന്ത്യ തുർക്കിയിലേക്ക് അയച്ചത്. ദോസ്ത് എന്ന് അഭിസംബോധന ചെയ്താണ് ഇന്ത്യയിലെ തുർക്കി അംബാസിഡർ ഫിരാത്ത് സുനേൽ സഹായത്തിന് നന്ദി പറഞ്ഞത്. ആവശ്യമുള്ളപ്പോൾ സഹായിക്കുന്നവനാണ് സുഹൃത്ത് എന്ന തുർക്കിഷ് വാക്യവും അദ്ദേഹം പങ്കുവെച്ചു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ തുർക്കി എംബസി സന്ദർശിച്ച് പിന്തുണ അറിയിച്ചിരുന്നു. തുർക്കി ജനതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണ വിദേശകാര്യ സഹമന്ത്രി അറിയിച്ചു. ദുരിത ബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യാൻ ഇന്ത്യ തയ്യാറാണെന്നും ഇന്ത്യൻ ജനത തുർക്കിക്ക് ഒപ്പമാണെന്നും വി മുരളീധരൻ പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ. മിശ്രയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിന് ശേഷമായിരുന്നു കേന്ദ്രമന്ത്രിയുടെ സന്ദർശനം. തുർക്കിയിലെ ദുരന്തത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. സിറിയൻ എംബസിയും വി മുരളീധരൻ സന്ദർശിച്ചിരുന്നു. ഇവിടെയെത്തിയ അദ്ദേഹം ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. അംബാസിഡർ ബസ്സാം അൽ-ഖത്തീബിനെ ഇന്ത്യയുടെ പിന്തുണ അറിയിച്ചു. ബഹു. പ്രധാനമന്ത്രിയുടെ അനുശോചന സന്ദേശവും കൈമാറി. സിറിയയിലേക്ക് ഇന്ത്യ അടിയന്തര സഹായം എത്തിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.
അതേസമയം, രക്ഷാദൗത്യത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ ആദ്യ സംഘം തുർക്കിയിലെത്തി. വ്യോമസേനയുടെ സി-17 വിമാനത്തിലാണ് സംഘം തുർക്കിയിലെത്തിയത്. മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെയുള്ള സംഘമാണ് തുർക്കിയിൽ രക്ഷാപ്രവർത്തന് എത്തിയത്. ദുരിതബാധിതർക്കുള്ള മരുന്ന്, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കൾ തുടങ്ങിയവയും ഇന്ത്യ നൽകിയിട്ടുണ്ട്. തുർക്കിയിലേക്ക് കൂടുതൽ സഹായം എത്തിക്കാനാണ് ഇന്ത്യയുടെ തീരുമാനം.
60 പാരാ ഫീൽഡ് ഹോസ്പിറ്റലും ഉദ്യോഗസ്ഥരുമായി ഇന്ത്യ രണ്ട് സി-17 ഇന്ത്യൻ എയർഫോഴ്സ് വിമാനങ്ങൾ കൂടി ഇന്ത്യ തുർക്കിയിലേക്ക് അയക്കുമെന്നാണ് വിവരം. ആഗ്ര ആസ്ഥാനമായുള്ള ആർമി ഫീൽഡ് ഹോസ്പിറ്റലും 89 അംഗ മെഡിക്കൽ ടീമിനെയും തുർക്കിയിലേക്ക് അയക്കുമെന്നാണ് റിപ്പോർട്ട്.

