ന്യൂഡല്‍ഹി: വിക്ടോറിയ ഗൗരിയുടെ നിയമനത്തിനെതിരെയുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി. സര്‍ക്കാരിന്റെ വിവരങ്ങള്‍ മാത്രമല്ല കോളീജിയം പരിഗണിക്കുന്നത്. ഹൈക്കോടതിക്ക് ഒരു വ്യക്തിയുടെ വിവരങ്ങള്‍ അറിയില്ല എന്ന് എങ്ങനെ പറയും? ഹര്‍ജി അംഗീകരിച്ചാല്‍ ഇത്തരം പരാതികള്‍ വന്നുകൊണ്ടിരിക്കുമെന്ന് ജസ്റ്റിസ് ബി.ആര് ഗവായി വ്യക്തമാക്കി.
വിക്ടോറിയ ഗൗരിയുടെ വിദ്വഷ നിലപാടുകളെ കുറിച്ചുള്ള വിവരം സര്‍ക്കാര്‍ കൊളീജിയത്തിന് നല്‍കിയില്ലെന്നും ജഡ്ജിയാകുന്ന വ്യക്തിയുടെ വീക്ഷണങ്ങളെയാണ് എതിര്‍ക്കുന്നതെന്നും ആനന്ദ് ഗ്രോവര്‍ പറഞ്ഞു. എന്നാല്‍, കൊളീജിയം ഈ പരാതികള്‍ പരിഗണിച്ചില്ല എന്ന് കരുതുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് ഖന്ന മറുപടി നല്കി. ഇടപെടാനുള്ള സാഹചര്യം ഇപ്പോഴുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് കോടതിയില്‍ ഉള്ളപ്പോഴാണ് നിയമനം നടന്നതെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. കൊളീജിയം തീരുമാനം റദ്ദാക്കാന്‍ കോടതിക്കാവില്ലെന്നും ജസ്റ്റിസ് ഖന്ന ചൂണ്ടിക്കാട്ടി.
അതേസമയം, കൊളീജിയത്തിന് വിരുദ്ധ അഭിപ്രായം ഉണ്ടായിരുന്നെങ്കില്‍ പരാതി പരിഗണിച്ച് കൊളീജിയം തീരുമാനം റദ്ദാക്കുമായിരുന്നെന്നും അത് ഇതുവരെ ഉണ്ടായില്ലെന്നും പരാതി വന്നിട്ട് ഏഴു ദിവസമായെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് വി ആര് കൃഷ്ണയ്യര്‍ ജഡ്ജിയായിരുന്നില്ലേ എന്നും തനിക്കും രാഷ്ട്രീയ ചായ്വുണ്ടായിരുന്നു എന്നും ജസ്റ്റിസ് ബി.ആര് ഗവായി പറഞ്ഞു. എന്നാല്‍, രാഷ്ട്രീയ ചായ്വിനെയല്ല എതിര്‍ക്കുന്നതെന്ന് ഹര്ജിക്കാരന് രാജു രാമചന്ദ്രന് വ്യക്തമാക്കി. 1992ല്‍ രാഷ്ട്രപതി നിയമിച്ച ശേഷം റദ്ദാക്കിയ ചരിത്രമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ ജഡ്ജിയായി വിക്ടോറിയ ഗൗരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തു.

