സ്വവർഗ്ഗാനുരാഗിയായ യുവതിയെ കൗൺസിലിങ്ങിന് അയച്ച കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി: സ്വവർഗ്ഗാനുരാഗിയായ യുവതിയെ കൗൺസിലിങ്ങിന് അയച്ച കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹേബിയസ് കോർപസ് ഹർജിയിൽ കൊല്ലം പുന്നത്തല സ്വദേശിനിയായ യുവതിക്ക് കൗൺസിലിങ്ങിന് നിർദേശം നൽകിയ കേരള ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. തങ്ങൾ വിവാഹിതരാകാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ കൊല്ലം പുന്നത്തല സ്വദേശിനിയായ യുവതി മാതാപിതാക്കളുടെ തടങ്കലിൽ ആണെന്നും ചൂണ്ടിക്കാട്ടി മങ്കാട് സ്വദേശിനിയായ യുവതി നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. യുവതിയെ കൊല്ലത്തെ കുടുംബ കോടതിയിൽ ഹാജരാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. കുടുംബ കോടതിയിൽ വെച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് സുപ്രീംകോടതി ഇ- കമ്മിറ്റി അംഗമായ സലീന വി.ജി. നായർ മേൽനോട്ടം വഹിക്കും. കേസിൽ തുടർ നടപടികൾ സ്വീകരിക്കുക സലീനയുടെ റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

പുന്നത്തല സ്വദേശിനിയായ യുവതിയുമായി സ്നേഹത്തിലാണെന്നും തങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചുവെന്നും എന്നാൽ പുന്നത്തല സ്വദേശിനി നിലവിൽ മാതാപിതാക്കളുടെ അന്യായതടങ്കലിൽ ആണെന്നും ചൂണ്ടിക്കാട്ടിയാണ് മങ്കാട് സ്വദേശിനി ഹർജി സമർപ്പിച്ചത്.