അങ്കാറ: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ മരണനിരക്ക് ഉയരുന്നു. 4300 ൽ അധികം പേർ മരണപ്പെട്ടതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തുർക്കിയിൽ മാത്രം 2,900 പേർ കൊല്ലപ്പെട്ടുവെന്നും 15,000ൽ ഏറെ പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നും തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ വ്യക്തമാക്കി.
മേഖലയിൽ രക്ഷാ പ്രവർത്തനം തുടരുകയാണ്. സിറിയയിൽ 1,444 പേരാണ് മരണപ്പെട്ടതെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്. പരിക്കേറ്റവരിൽ പലരുടെയും ആരോഗ്യനില അതീവ ഗുരുതരമാണ്. നിരവധി പേർ പല കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങി കിടക്കുകയാണെന്ന വിവരവും പുറത്തു വരുന്നുണ്ട്.
സിറിയയുടെ അതിർത്തിയോട് ചേർന്നുള്ള തെക്ക്-കിഴക്കൻ തുർക്കിയിലെ ഗാസിയാൻടെപ്പിൽ 17.9 കിലോമീറ്റർ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് നിഗമനം. അങ്കാറയിലും സമീപ നഗരങ്ങളിലും ഭൂചലനത്തെ തുടർന്ന് പ്രകമ്പനമുണ്ടായി. പത്ത് നഗരങ്ങളെ ഭൂചലനം ബാധിച്ചുവെന്ന് തുർക്കി ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ആദ്യ ഭൂചലനത്തിന് പിന്നാലെ തുർക്കിയിൽ തുടർചലനം അനുഭവപ്പെട്ടിരുന്നു. ഇതാണ് കൂടുതൽ ദുരന്തത്തിന് ഇടയാക്കിയത്.
അതേസമയം, തുർക്കിയ്ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ ഉൾപ്പെടെ നിരവദി രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ, ജർമ്മനി, സ്വിറ്റ്‌സർലൻഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകർ തുർക്കിയിലേക്ക് തിരിച്ചു. ഐക്യരാഷ്ട്ര സഭയും സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്.

